video
play-sharp-fill

49 വാര്‍ഡുകളിലായി 1,63,639 വോട്ടര്‍മാര്‍; സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 169 സ്ഥാനാർത്ഥികൾ; വോട്ടെടുപ്പിനായി 211 പോളിംഗ് ബൂത്തുകള്‍ സജ്ജം

49 വാര്‍ഡുകളിലായി 1,63,639 വോട്ടര്‍മാര്‍; സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 169 സ്ഥാനാർത്ഥികൾ; വോട്ടെടുപ്പിനായി 211 പോളിംഗ് ബൂത്തുകള്‍ സജ്ജം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്.

രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം.

ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടർമാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയമഷിയടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 76 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സംക്ഷിപ്ത പുതുക്കലിനെ തുടർന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാർഡുകളിലെ അന്തിമവോട്ടർ പട്ടികയില്‍ 163639 വോട്ടർമാരാണുള്ളത്. 77409 പുരുഷൻമാരും 86228 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡർമാരും. വോട്ടർപട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണല്‍ നാളെ രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.