
14 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ച ; വഖഫ് ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി ; ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ, വഖഫ് ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. 14 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്.
സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളില്‍ വോട്ട് ലഭിച്ചാല്‍ ബില്‍ പാസാകും. അതായത് 520 പേരില്‍ 261 പേരുടെ ഭൂരിപക്ഷമാണ് ബില്‍ പാസ്സാകാന്‍ വേണ്ടിയിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ഒടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.56 നാണ് ബില്‍ പാസ്സായതായി സ്പീക്കര്‍ ഓം ബിര്‍ല പ്രഖ്യാപിച്ചത്.
കേരളത്തില്‍ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതായാണ് വിവരം. പ്രിയങ്ക ഗാന്ധി സഭയില്‍ ഹാജരായിരുന്നില്ല. കേരളത്തില്‍നിന്നുള്ള എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളി. ഇ ടി മുഹമ്മദ് ബഷീര്‍, കെ രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും വോട്ടിനിട്ട് തള്ളിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭ പാസാക്കിയത്. വഖഫ് ഭേദഗതി ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭയിൽ കൂടി പാസ്സായാൽ ബിൽ നിയമമാകും.