
വഖഫ് നിയമ ഭേദഗതി: രാജ്യ വ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി; ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിന് നിർദ്ദേശം; മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക പ്രചാരണം
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിന് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക പ്രചാരണം നടത്തും.
സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും. ജില്ലാതലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്ക് ചുമതല നൽകി. ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.
അരവിന്ദ് മേനോനാണ് പ്രചാരണത്തിന്റെ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല. അതേസമയം, മുനമ്പത്തെ ഭൂമി വഖഫ് ആക്കിയ വഖഫ് ബോർഡിൻ്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മൻ്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും. ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ മുൻസിഫ് കോടതിയുടെ വിധി ശരി വെച്ച ഹൈക്കോടതി വിധിയാണ് ഇന്ന് പരിശോധിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമി വഖഫ് ആണെന്ന് കാണിച്ച് 1971 ൽ ഫാറൂഖ് കോളേജ് കോടതിയിൽ നൽകിയ സത്യ വാഗ്മൂലം ഇന്ന് വഖഫ് ബോർഡ് ട്രിബൂണനിൽ ഹാജരാക്കും. ഭൂമി ഫാറൂഖ് കോളേജിന് കീഴിൽ വരുന്ന വഖഫ് ഭൂമിയാണെന്ന 1971ലെ പറവൂർ കോടതി വിധി ഇന്നലെ ട്രിബൂണൽ പരിശോധിച്ചിരുന്നു.