“നിയമം ലംഘിച്ചിട്ടില്ല…! മതിൽ നിർമാണം റോഡിൽ നിന്നും ഒന്നര അടി മാറി”; അമിത കൂലി ചോദിച്ച സിഐടിയുകാരോട് പ്രതിഷേധിച്ച വീട്ടുടമസ്ഥയ്ക്കെതിരെ പ്രതികാര നടപടിക്ക് ഇറങ്ങിയ സിപിഎമ്മിനും സിഐടിയുവിനും തിരിച്ചടി; പരാതി തള്ളി അധികൃതർ

Spread the love

കടയ്ക്കൽ : ലോറിയിൽ നിന്ന് സ്വന്തമായി തറയോട് ഇറക്കി, അമിത കൂലി ചോദിച്ച സിഐടിയുകാരോട് പ്രതിഷേധിച്ച വീട്ടുടമസ്ഥയ്ക്കെതിരെ പ്രതികാര നടപടിക്ക് ഇറങ്ങിയ സിപിഎമ്മിനും സിഐടിയുവിനും തിരിച്ചടി.

കുമ്മിൾ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദിനെതിരെ ആണ് റോഡ് കയ്യേറി മതിൽ കെട്ടിയെന്ന ആരോപണവുമായി സിപിഎം പഞ്ചായത്ത് അംഗം രജി കുമാരിയും സിഐടിയുവും രംഗത്ത് എത്തിയത്. പരാതിയെ തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചിട്ടില്ലെന്നും ഒന്നര അടി മാറിയാണ് മതിൽ നിർമിച്ചിരിക്കുന്നതെന്നും കണ്ടെത്തി.

സിപിഎം പഞ്ചായത്ത് അംഗം രജിന കുമാരി ആണ് കുമ്മിൾ, പാങ്ങോട് പഞ്ചായത്തുകളിൽ പരാതി നൽകിയത്. ഭരണ സമിതിയുടെ നിർദേശ പ്രകാരം ആണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. ആദ്യം പഞ്ചായത്ത് അംഗം കുമ്മിൾ പഞ്ചായത്തിൽ ആണ് പരാതി നൽകിയത്. റോഡ് തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലാണ്. അതിനാൽ പാങ്ങോട് പഞ്ചായത്തിലും പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു പരാതികളും അധികൃതർ തള്ളുകയായിരുന്നു. സിഐടിയുക്കാർ അമിത കൂലി ചോദിച്ചതിനെ തുടർന്ന് പ്രിയ വിനോദ് ലോഡ് ഇറക്കിയത് നേരത്തേ വാർത്തയായിരുന്നു.

പ്രിയ ലോഡ് ഇറക്കി തീരുന്നത് വരെയും വീടിനു മുന്നിൽ സിഐടിയു തൊഴിലാളികൾ നിന്നിരുന്നു. സഹായിക്കാൻ ചെന്നവരെ തടയുകയും ചെയ്തു. ബുധൻ രാത്രി 2 മണിക്കൂർ പണിപ്പെട്ടാണ് 150 തറയോടുകൾ പ്രിയ ഇറക്കിയത്. തറയോടുകൾ അടുക്കി വയ്ക്കാൻ നിർമാണ തൊഴിലാളികൾ തയാറായെങ്കിലും അതിനും സിഐടിയു തൊഴിലാളികൾ അനുവദിച്ചില്ല. തച്ചോണത്തും പരിസരത്തും സിഐടിയു അംഗങ്ങളായ തൊഴിലാളികളുടെ പേരും വിവരവും കൂലിയുടെ നിരക്കും പ്രദർശിപ്പിക്കാൻ നടപടി വേണമെന്നു പ്രിയ ലേബർ ഓഫിസറോട് ആവശ്യപ്പെട്ടു. ചോദിക്കുന്ന കൂലി തന്നില്ലെങ്കിൽ പ്രിയയും ഭർത്താവും ചേർന്നു ലോഡ് ഇറക്കിക്കോളാനും മറ്റാരെയും വിളിക്കാൻ പാടില്ലെന്നും തൊഴിലാളികൾ വ്യവസ്ഥ വച്ചിരുന്നു. തുടർന്നാണ് പ്രിയ സ്വന്തമായി ലോഡ് ഇറക്കിയത്.