കിണറിന്റെ തൂണിൽ ചാരിയിരുന്നു ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിണറ്റിൽ വീണു ; പുറംലോകമറിയാതെ കിടന്നത് മൂന്നു ദിവസം
സ്വന്തം ലേഖിക
വട്ടപ്പാറ(തിരുവനന്തപുരം): കിണറിന്റെ കൈവരിയിലുള്ള തുണിൽ ചാരിയിരുന്ന് ഫോൺ ചെയ്യുന്നതിനിടെ കിണറ്റിൽ വീണ യുവാവ് അകത്തു കിടന്നത് മൂന്നു ദിവസം. കൊഞ്ചിറ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപ്(38) ആണ് കിണറ്റിൽ വീണത്. ബുധനാഴ്ച രാത്രി കിണറ്റിൽ വീണ പ്രദീപ് രണ്ടു രാത്രിയും രണ്ടു പകലുമാണ് ആരുമറിയാതെ കിണറ്റിൽ കിടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കിണറിനു സമീപത്തു കൂടി പോയയാൾ ശബ്ദം കേട്ട് നോക്കിയതാണ് ഇദ്ദേഹത്തിനു രക്ഷയായത്.ഫോൺ ചെയ്യുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞാണ് പ്രദീപ് കിണറ്റിൽ വീണത്. അവിവാഹിതനായ പ്രദീപ് അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. എന്നാൽ കിണറ്റിൽ വീണ ദിവസം അമ്മ വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാളെ ആരും അന്വേഷിച്ചുമില്ല. വെള്ളത്തിൽ വീണതിനാൽ കാര്യമായി പരുക്കേൽക്കാത്ത പ്രദീപ് കിണറിന്റെ തൊടിയിൽ കയറി ഇരുന്നെങ്കിലും മുകളിലേക്ക് കയറാനായില്ല. രണ്ടു ദിവസം സഹായത്തിനായി നിലവിളിച്ചു. പക്ഷെ ആരും കേട്ടില്ല. ഫോണാകട്ടെ വെള്ളത്തിൽ വീണ് നിശ്ചലമാകുകയും ചെയ്തു.വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിണറിനടുത്തുകൂടി പോയ വഴിയാത്രക്കാരൻ കിണറിനുള്ളിൽനിന്നു ശബ്ദംകേട്ട് നോക്കുമ്പോഴാണ് പ്രദീപ് കിണറ്റിൽ കിടക്കുന്നതു കണ്ടത്. ഉടൻ നെടുമങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽ വല ഇറക്കിയാണ് പ്രദീപിനെ കരയ്ക്കെത്തിച്ചത്. താലൂക്ക് ആശുപ്ത്രിയിൽ പ്രവേശിപ്പിച്ച പ്രദീപ് വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങി.