
കടലില്‍മാത്രം ജീവിക്കുന്ന തിമിംഗിലസ്രാവ് അഷ്ടമുടിക്കായലില്‍ എത്തിയതില്‍ ദുരൂഹത; ഡോള്‍ഫിനുകളടക്കമുള്ള ജീവികള്‍ കടലില്‍നിന്ന് അടുത്തുള്ള ജലാശയങ്ങളിലെത്തുക സ്വാഭാവികമാണെങ്കിലും തിമിംഗിലസ്രാവുകള്‍ എത്തുന്നത് അത്യപൂർവമെന്ന് വിദഗ്ധർ
കൊല്ലം:കടലില്‍മാത്രം ജീവിക്കുന്ന തിമിംഗിലസ്രാവ് കാവനാട് ഫാത്തിമാതുരുത്തിനു സമീപം അഷ്ടമുടിക്കായലില്‍ എത്തിയതില്‍ ദുരൂഹത.
ഡോള്‍ഫിനുകളടക്കമുള്ള ജീവികള്‍ കടലില്‍നിന്ന് അടുത്തുള്ള ജലാശയങ്ങളിലെത്തുക സ്വാഭാവികമാണെങ്കിലും തിമിംഗിലസ്രാവുകള്‍ എത്തുന്നത് അത്യപൂർവമാണെന്നാണ് സമുദ്രജീവികളെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധർ വ്യക്തമാക്കുന്നത്.
കടല്‍ത്തീരത്തിനോടടുത്തുമാത്രമാണ് തിമിംഗിലസ്രാവുകളെ കാണാനാകുക. ലവണാംശത്തില്‍ വ്യത്യാസമുള്ള കായലുകളിലും മറ്റും ഇവയ്ക്കു ജീവിക്കാനാകില്ല. ചെളിയടിഞ്ഞ ജലാശയങ്ങളില്‍ പ്രത്യേകിച്ചും. സംരക്ഷിതജീവികളുടെ പട്ടികയിലുള്‍പ്പെട്ട തിമിംഗിലസ്രാവ് കായലിലെ ഉള്‍പ്രദേശത്ത് എത്തിയതിന്റെ സാധ്യത വനംവകുപ്പും പരിശോധിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോർട്ടം നടന്നത് പുന്നലയില്‍
തിമിംഗിലസ്രാവിനെ കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് അധികൃതരും ദ്രുതകർമസംഘവും തിങ്കളാഴ്ചതന്നെ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി സ്രാവിനെ പുന്നലയിലേക്ക് കൊണ്ടുപോകാൻ നടപടി തുടങ്ങി. ആദ്യം മണ്ണുമാന്തികൊണ്ട് സ്രാവിനെ മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ക്രെയിൻ എത്തിക്കുകയായിരുന്നു.
കോർപ്പറേഷൻവക മിനി ലോറിയില്‍ ഒന്നര ടണ്ണിലധികം ഭാരമുള്ള സ്രാവിനെ കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് വലിയ ലോറിയിലാണ് തിമിംഗിലത്തെ കൊണ്ടുപോയത്. പുന്നലയിലെ ഫോറസ്റ്റ് സ്റ്റേഷനില്‍ ദ്രുതകർമസേനയിലെ ഡോ. സിബിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും. ഇതിനുശേഷമേ സ്രാവിന്റെ മരണകാരണം സംബന്ധിച്ചു വ്യക്തതയുണ്ടാകൂ. രാത്രിയോടെ സ്രാവിനെ വനമേഖലയില്‍ മറവുചെയ്തു.
പുന്നല ഫോറസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബി.ഗിരി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജെയ്സണ്‍ ചാക്കോ, എ.മുരളി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കീർത്തിരാജ്, സമീർ, എസ്.ശ്രീകുമാർ, സുധാകരൻ എന്നിവരടങ്ങിയ സംഘം നടപടികള്‍ക്ക് നേതൃത്വം നല്‍കി.