വാളയാർ കേസിൽ കൊല്ലപ്പെട്ട ഇളയകുട്ടി സഹോദരിയുടെ കൊലപാതകത്തിന് ദൃക്സാക്ഷി ; അന്വേഷണ റിപ്പോർട്ട് യുവ മോർച്ച പുറത്തു വിട്ടു
സ്വന്തം ലേഖിക
കൊച്ചി: വാളയാർ കേസിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് യുവമോർച്ച പുറത്ത് വിട്ടു.കൊല്ലപ്പെട്ട ഇളയ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയെന്ന് 2017 ലെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇളയ പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ ഇപ്പോൾ പോലീസ് തയ്യാറാകുന്നില്ലെന്നും എന്നാൽ, ഇക്കാര്യം 2017 മെയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പും യുവമോർച്ച പുറത്തുവിട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടി മൊഴി നൽകിയിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ ഇപ്പോഴും ഇക്കാര്യം പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിക്കാൻ തയ്യാറാവുന്നില്ല.
എന്നാൽ, 2017 മെയ് രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയാണ് കൊല്ലപ്പെട്ടതെന്ന ഗൗരവവത്തോടെ രണ്ടാമത്തെ മരണവും അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടില്ല -കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സന്ദീപ് വാര്യർ പറഞ്ഞു.
കേസ് അന്വേഷിച്ചിരുന്ന പാലക്കാട് നാർക്കോട്ടിക് സെൽ ഡിഎസ്പി ജില്ലാ പോലീസ് മേധാവിക്ക് കൊടുത്ത റിപ്പോർട്ടാണ് യുവമോർച്ച പുറത്തുവിട്ടിരിക്കുന്നത്. മൂത്ത കുട്ടി മരണപ്പെട്ട ദിവസം സംഭവം നടന്ന വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ സഹോദരി പറഞ്ഞെങ്കിലും ഇതേപ്പറ്റി അന്വേഷണത്തിൽ സൂചനയൊന്നും ലഭിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.
മറ്റു വഴികളില്ലാത്തതിനാൽ, റിപ്പോർട്ടിൽ ഇക്കാര്യം ഗൗരവം കുറച്ച് പരാമർശിക്കുകയായിരുന്നെന്ന് യുവമോർച്ച ആരോപിക്കുന്നു. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും കുട്ടിയുടെ പ്രായം, കയർ കെട്ടിയ സ്ഥലത്തിന്റെ ഉയരം എന്നിവ പരിഗണിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
കേസ് അട്ടിമറിച്ചതിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും സന്ദീപ് വാര്യർ ആരോപിച്ചു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വരെ ഇടപെടലുണ്ട്. അരിവാൾ പാർട്ടിക്കാരാണ് പ്രതികളെന്ന് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലെ ഉന്നതർക്കും ചില കോൺഗ്രസ് നേതാക്കൾക്കും പ്രതികൾ രക്ഷപ്പെട്ടതിൽ പങ്കുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും യുവമോർച്ച സെക്രട്ടറി ആവശ്യപ്പെട്ടു.
https://www.facebook.com/Sandeepvarierbjp/videos/731252417376944/