അർദ്ധരാത്രിയിൽ കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞത് നാൽപതോളം പൊലീസുകാർ ; ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ട വീ ഫോർ കേരള നേതാവ് നിപുൺ ചെറിയാനെ കുടുക്കിയത് പൊലീസ് അതിസാഹസികമായി : കേസെടുത്തിരിക്കുന്നത് പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തി
സ്വന്തം ലേഖകൻ
കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത കൊച്ചി വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിന് വി ഫോർ കേരള കോർഡിനേറ്റർ നിപുൺ ചെറിയാൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. നാൽപതോളം പൊലീസുകാർ അർധരാത്രി കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞാണ് നിപുണിനെ ചെറിയാനെ അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പം ഉണ്ടായിരുന്നവർക്കായും പൊലീസ് തിരച്ചിൽ തുടരുകയാണ്. പാലം തുറന്ന് കൊടുത്തവർക്ക് പുറമെ പാലത്തിൽ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകൾക്കെതിരെയും കേസുണ്ട്. എന്നാൽ പാലം തുറക്കാത്തതിനാൽ സമരത്തിലായിരുന്നെങ്കിലും പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോർ കേരള ഭാരവാഹികൾ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ വി ഫോർ പ്രവർത്തകർ കഴിഞ്ഞ ദിവസം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പൊലീസ് അറസ്റ്റിലായ ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൊലീസ് കണക്കാക്കിയിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റിലകുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ ഭാഗത്തുനിന്ന് വന്ന ചെറുവാഹനങ്ങളും ലോറികളുമാണ് ഉദ്ഘാടനം ചെയ്യാത്ത വൈറ്റിലപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതത്തിരക്കേറിയ സമയത്ത് ബാരിക്കേഡ് നീക്കി വാഹനങ്ങൾക്കു പാലത്തിലേക്ക് കയറ്റി വിടുകയായിരുന്നു.പാലം ഗതാഗതത്തിന് തുറന്നു നൽകിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേൽപ്പാലത്തിൽ കയറി.
മറുവശത്തെ ബാരിക്കേഡിന് മുന്നിൽ വാഹനങ്ങളെല്ലാം കുടുങ്ങി. വണ്ടികൾ മുഴുവൻ തിരികെ ഇറക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച്, വഴി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര കുറ്റകൃത്യം ആണ് ചെയ്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരെ കേരള നിയമ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. തങ്ങളുടെ സമരത്തിന്റെ ആവേശം ഉൾക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേൽപ്പാലം തുറന്നുകൊടുത്തതെന്നാണ് വി ഫോർ കൊച്ചിയുടെ നേതാക്കൾ പറയുന്നത്.