
കൊച്ചി: വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെ ചൊല്ലി സംഘർഷം. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം.
ഹോട്ടലില്‍ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഇതിനൊപ്പം ഗ്രേവിയും ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ഹോട്ടൽ ഉടമയുടെ ഭാര്യ പറഞ്ഞതോടെ തർക്കം ആരംഭിക്കുകയായിരുന്നു. പിന്നാലെ ഉടമയും പ്രതികരിച്ചതോടെ തർക്കം രൂക്ഷമായി.
5 മിനിറ്റോളം നീണ്ട തർക്കം ഒടുവില്‍ സംഘർഷത്തിനു വഴിമാറി. തന്നെ തല്ലാൻ ശ്രമിച്ചപ്പോള്‍ ഭർത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോള്‍ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നല്‍കിയ മൊഴി. ഭർത്താവിനെ കടയില്‍ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയില്‍ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തില്‍ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചെന്നും പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എടവനക്കാട് അണിയല്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ നടത്തുന്ന സുബൈർ, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയിരിക്കുന്നത്. ഹോട്ടലില്‍ നടക്കുന്ന തർക്കത്തിന്റെയും തുടർന്നുള്ള സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
തുടർന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.ദമ്പതികളെ മർദിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എടവനക്കാട് അണിയില്‍ മർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ പന്തം കൊളുത്തി പ്രകടനം നടത്തി.



