എസ് ഐ വേഷമിട്ട് വിലസിയ വിരുതനെ പോലീസ് പൊക്കി: ബസിൽ ഫ്രീയായി യാത്ര, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങൽ: പരാതി ഉയർന്നതോടെ ഒറിജിനൽ എസ് ഐ എത്തി കുടുക്കി

Spread the love

കുഴല്‍മന്ദം: കുളവൻമുക്ക് ബസ്സ്റ്റോപ്പില്‍ യൂണിഫോമിട്ട് നില്‍ക്കുന്ന എസ്.ഐ.യെ കണ്ടപ്പോള്‍ പോലീസുകാർക്കൊരു സംശയം -ആരാണീ പരിചയമില്ലാത്ത ഓഫീസർ?
ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാർക്കും ആളെ പിടികിട്ടിയില്ല. ശരിക്കുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ വ്യാജന്റെ വേഷം അഴിഞ്ഞുവീണു.

തൃശ്ശൂർ ചാവക്കാട് മപ്രസായില്ലം ചേറ്റുവട്ടി ഇല്ലത്ത് ഹക്കീമാണ് (51) എസ്.ഐ. വേഷം കെട്ടി കുടുങ്ങിയത്. കുളവൻമുക്ക് ബസ്സ്റ്റോപ്പില്‍നിന്ന് ബുധനാഴ്ച വൈകീട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്.

സിനിമയില്‍ അഭിനയിക്കാൻ വേഷമിട്ടതാണെന്നാണ് ഹക്കീം ആദ്യം പറഞ്ഞത്. എന്നാല്‍, പരിസരത്തെങ്ങും ഷൂട്ടിങ് നടക്കുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ സ്ഥിരമായി എസ്.ഐ.യുടെ യൂണിഫോംധരിച്ച്‌ ടിക്കറ്റെടുക്കാതെ ബസ് യാത്ര നടത്തുകയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകളില്‍ക്കയറി സാധനങ്ങള്‍ വാങ്ങുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. സമാന കേസ് ഗുരുവായൂർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർചെയ്തിട്ടുണ്ട്. ഹക്കീം പി.കെ. എന്നാണ് യൂണിഫോമില്‍ നെയിംബോർഡ് വെച്ചിരുന്നത്.

കുറച്ചുദിവസമായി ഒരു ‘എസ്.ഐ.’ കുഴല്‍മന്ദംഭാഗത്ത് വന്നുപോകുന്നതായും കടകളില്‍ കയറിയിറങ്ങുന്നതായും പോലീസിന് വിവരംലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ബ്രാഞ്ച് എസ്.ഐ.മാരായ മനോജ്കുമാർ, കെ. സത്യൻ എന്നിവർ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.

കുഴല്‍മന്ദം എസ്.ഐ. എ.എസ്. സോമന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. എസ്. രജനി, എസ്.സി.പി.ഒ. എം. സുനിത, ഡ്രൈവർ എസ്. രതീഷ് എന്നിവരടങ്ങിയ സംഘമെത്തി കസ്റ്റഡിയിലെടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണമാരംഭിച്ചു.