വ്യാജ ജാതി സർട്ടിഫിക്കറ്റ്: കോട്ടയത്ത് റിട്ട ഡി വൈ എസ്പിയും സഹോദരൻ പഞ്ചായത്ത് സെക്രട്ടറിയും കുടുങ്ങും: ഇരുവർക്കുമെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു

Spread the love

കോട്ടയം: ജാതിരേഖകള്‍ വ്യാജമായുണ്ടാക്കി സംവരണാനുകൂല്യത്തിലൂടെ സർക്കാർ ജോലിനേടിയ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും സഹോദരനായ റിട്ട.
ഡവൈഎസ്പിക്കുമെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. കിടങ്ങൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഏറ്റുമാനൂർ ചെറുമല വീട്ടില്‍ എസ്.കെ. രാജീവ്, ജ്യേഷ്ഠനും റിട്ട. ഡിവൈഎസ്പിയുമായ സി.കെ. ബാബു (62) എന്നിവർക്കെതിരേയാണ് കേസ്.

തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നിർദേശത്തെതുടർന്നാണ് എസ് സി- എസ്ടി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഈഴവ സമുദായത്തില്‍പ്പെട്ട ഇവർ എസ് സി വിഭാഗമായ പരവർ സമുദായത്തില്‍പ്പെട്ടവരാണെന്ന വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിയില്‍ പ്രവേശിച്ചെന്നാണ് ആക്ഷേപം.

ഡിവൈഎസ്പി ആയിരുന്ന സി.കെ. ബാബു 2019-ല്‍ വിരമിച്ചു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയില്‍ കോട്ടയം വിജിലൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഹിന്ദു ഈഴവ സമുദായത്തില്‍പ്പെട്ടവരാണെന്നും ഇവരുടെ അച്ഛൻ ആ സമുദായത്തിന്റെ നേതാവായിരുന്നെന്നും വെളിപ്പെട്ടു. അമ്മ പരവർ സമുദായാംഗമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ജീവനക്കാരായിരുന്ന ഇരുവരും വിവാഹശേഷം ഈഴവ സമുദായാംഗങ്ങളെന്നനിലയിലാണ് തുടർന്നത്.
ഹിന്ദു ഈഴവ എന്ന് രേഖപ്പെടുത്തിയായിരുന്നു സി.കെ. ബാബുവിനെ ഇടയാഴത്തെ സ്കൂളില്‍ ഒന്നാംക്ലാസില്‍ ചേർത്തത്.

അഞ്ചാംക്ലാസെത്തിയപ്പോള്‍ അമ്മ എസ് സി എസ്ടി വിഭാഗത്തില്‍ എന്നും ചേർത്തു. പത്താം ക്ലാസെത്തിയപ്പോള്‍ ജാതി ഹിന്ദു പരവർ മാത്രമായി. എല്ലാതരത്തിലും ഹിന്ദു ഈഴവ സമുദായാംഗങ്ങളായി ജീവിച്ചിരുന്ന ഇവർ സർക്കാർ ജോലി ലഭിക്കുന്നതിനായാണ് ഇത്തരത്തില്‍ ജാതിമാറ്റം വരുത്തിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍.

പരാതിയില്‍ കഴമ്പുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിന് കിർത്താഡ്സിനെ ഏല്പിക്കണമെന്നും ശുപാർശചെയ്ത് വിജിലൻസ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നല്‍കി. തുടർന്ന് അന്വേഷണം നടത്താൻ സർക്കാർ കിർത്താഡ്സിനെ ചുമതലപ്പെടുത്തി. കിർത്താഡ്സ് വിജിലൻസ് വിഭാഗവും അന്വേഷണം നടത്തി വിജിലൻസ് റിപ്പോർട്ട് ശരിവെച്ച്‌ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. എസ്സി എസ്ടി നിയമപ്രകാരം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും കേസില്‍ അന്വേഷണം നടത്തുക.