
റായ്പൂർ: പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളും വ്യാജരേഖ ചമയ്ക്കലുമൊക്കെ കാണാറുണ്ടെങ്കിലും അതിനെയൊക്കെ കവച്ചുവെയ്ക്കുന്ന പുതിയൊരു സംഭവമാണ് കഴിഞ്ഞദിവസം ഛത്തീസ്ഗഡില്‍ കണ്ടെത്തിയത്.
ഒരു സിനിമാ കഥ പോലെ തോന്നുമെങ്കിലും കൃത്യമായി പ്ലാൻ ചെയ്ത് ആസൂത്രിതമായി നടപ്പാക്കിയ വൻ തട്ടിപ്പാണ് ഇടയ്ക്ക് വെച്ച് അധികൃതരുടെ ഇടപെടലില്‍ തകർന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ ഒരു വ്യാജ ശാഖ തന്നെയായിരുന്നു തട്ടിപ്പുകാർ ഒരു ഗ്രാമത്തില്‍ തുടങ്ങിയത്.
സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് ഏതാണ്ട് 250 കിലോമീറ്റർ അകലെ ശക്തി ജില്ലയിലുള്ള ഛപ്പോര ഗ്രാമത്തിലാണ് വ്യാജ ബാങ്ക് ശാഖ തുറന്നത്. ഇവിടേക്ക് കഥയൊന്നുമറിയാതെ ആറ് പേരെ ജോലിക്ക് നിയമിക്കുകയും ചെയ്തു. ഇവർക്കെല്ലാം വേണ്ടി വ്യാജ പരിശീലന സെഷനുകളടക്കം ഒറിജിനല്‍ പോലെ തോന്നിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുറന്നിട്ട് പത്ത് ദിവസം മാത്രമേ പ്രവർത്തിക്കാൻ സാധിച്ചുള്ളൂവെങ്കിലും ഒറിജിനല്‍ സ്റ്റേറ്റ് ബാങ്ക് ശാഖകളില്‍ ഉള്ളതുപോലുള്ള ഫർണിച്ചറുകളും ബാങ്കിന്റെ മുദ്രയുള്ള പേപ്പറുകളും കൗണ്ടറുകളുമെല്ലാം ഇവിടെയുണ്ടായിരുന്നു.
കഥയൊന്നുമറിയാതെ ബാങ്കിലെത്തിയിരുന്ന ഗ്രാമീണർ അവിടെ അക്കൗണ്ട് തുടങ്ങാനും ഇടപാടുകള്‍ നടത്താനുമൊക്കെ തുടങ്ങി. പുതിയ നല്ല ജോലി കിട്ടിയ സന്തോഷത്തിലായിരുന്നു ജീവനക്കാരും. ഇതിനിടെ എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥരും ചില പൊലീസ് ഉദ്യോഗസ്ഥരും അന്വേഷിച്ച് എത്തിയപ്പോഴാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.
അതിലേക്ക് നയിച്ചതാവട്ടെ തൊട്ടടുത്ത ഗ്രാമത്തിലെ എസ്ബിഐ ശാഖാ മാനേജർക്ക് കിട്ടിയ ഒരു വിവരവും. അന്വേഷണത്തില്‍ ബാങ്ക് ശാഖ തന്നെ വ്യാജമാണെന്നും ജീവനക്കാരെ നിയമിച്ചത് വ്യാജ രേഖകള്‍ നല്‍കിയാണെന്നും കണ്ടെത്തി.
നാല് പേരാണ് തട്ടിപ്പിന് പിന്നില്‍ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ വ്യാജ ബ്രാഞ്ചിന്റെ മാനേജറായിരുന്നു. മാനേജർ, മാർക്കറ്റിങ് ഓഫീസർ, ക്യാഷ്യർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള തസ്തികകളില്‍ ജീവനക്കാരെ നിയമിച്ചു.
ഇവർക്കെല്ലാം ബാങ്കിന്റെ മുദ്രയുള്ള ഒറിജിനല്‍ പോലെ തോന്നിപ്പിക്കുന്ന അപ്പോയിന്റ്മെന്റ് ലെറ്ററും നല്‍കി. എന്നാല്‍ ജോലിക്കായി രണ്ട് മുതല്‍ ആറ് ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്ന് വാങ്ങിയെന്നും ഇവർ പറയുന്നു.
പ്രദേശത്ത് എസ്ബിഐയുടെ ഒരു ബാങ്കിങ് കിയോസ്കിനായി അപേക്ഷ നല്‍കിയിരുന്ന ഒരാള്‍ക്ക് പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ നാട്ടില്‍ ഒരു ബാങ്ക് ശാഖ തന്നെ വന്നപ്പോള്‍ അമ്പരപ്പായി. ഇയാളാണ് തൊട്ടടുത്ത ഗ്രാമത്തിലെ യഥാർത്ഥ ശാഖയിലെ മാനേജറെ വിവരം അറിയിച്ചത്.
അന്വേഷിച്ചപ്പോള്‍ ജീവനക്കാർക്ക് കാര്യമായ വിവരമില്ല. ബാങ്കിന്റെ ബ്രാഞ്ച് കോഡ് എവിടെയും പ്രദർശിപ്പിച്ചിട്ടുമില്ല. ഈ സംശയമാണ് തട്ടിപ്പ് പുറത്തുവരാൻ കാരണം.
7000 രൂപയ്ക്ക് കടമുറികള്‍ വാടകയ്ക്ക് എടുത്തായിരുന്നത്രെ വ്യാജ ശാഖ സജ്ജീകരിച്ചത്. യഥാർത്ഥ ബാങ്കിലേത് പോലെ ഫർണിച്ചറുകളും മറ്റെല്ലാ ഉപകരണങ്ങളും സജ്ജീകരിച്ചു. ജീവനക്കാർക്ക് 30,000 രൂപ മുതല്‍ ശമ്പളം വാഗ്ദാനം ചെയ്തു.
ബാങ്ക് ശരിയായി പ്രവർത്തനം തുടങ്ങിയ ശേഷം വായ്പകള്‍ക്ക് അപേക്ഷ നല്‍കാനും പണം നിക്ഷേപിക്കാനുമൊക്കെ കാത്തിരിക്കുകയായിരുന്നത്രെ ഗ്രാമീണരില്‍ പലരും. പത്ത് ദിവസം കൊണ്ട് പൂട്ടിക്കാൻ സാധിച്ചതു കൊണ്ടുതന്നെ നിരവധിപ്പേർ കെണിയില്‍ വീഴാതെ രക്ഷപ്പെട്ടു.