`കെ എസ് യുവിന്റെ മെക്കിട്ട് കേറിയാൽ തിരിച്ചടി ഉണ്ടാകും’, പൊലീസിനെതിരെ ഭീഷണി ആവർത്തിച്ച് വി ടി സൂരജ്

Spread the love

കോഴിക്കോട്: പൊലീസിനെതിരെ ഭീഷണി ആവർത്തിച്ച് കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ വി ടി സൂരജ്. അകാരണമായി കെ എസ് യു പ്രവർത്തകരെ മർദിക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യാൻ മടിക്കില്ല. പ്രവർത്തകരുടെ വികാരമാണ് താൻ ഇന്നലെ പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും കെ എസ് യുവിന്റെ മെക്കിട്ട് കേറിയാൽ തിരിച്ചടി ഉണ്ടാകുമെന്നും വി ടി സൂരജ് ആവർത്തിച്ച് പറഞ്ഞു.

കഴിഞ്ഞ ദിവസം കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് വി ടി സൂരജ് ഭീഷണി പ്രസം​ഗം നടത്തിയിരുന്നു. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. സംഭവത്തിൽ ഇന്നലെ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തൽ, പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.