
പാലക്കാട്: വയനാട് ജില്ലാ കളക്‌ടറുടെ ഓഫീസിൽ വച്ചിരിക്കുന്നത് ഒറിജിനൽ ആനക്കൊമ്പ് ആണോയെന്ന ചോദ്യവുമായി മുൻ കോൺഗ്രസ് എംഎൽഎ വിടി ബൽറാം. മ്യൂസിയങ്ങളിലല്ലാതെ മറ്റ് സർക്കാർ ഓഫീസുകളിൽ ഇങ്ങനെ ആനക്കൊമ്പും പുലിനഖവുമൊക്കെ സൂക്ഷിക്കാൻ നിയമപരമായി അനുവാദമുണ്ടോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
അറസ്‌റ്റിലായ റാപ്പർ വേടൻ്റെ പക്കൽ നിന്ന് പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തിൽ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബൽറാമിന്റെ പോസ്‌റ്റ്. വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ പശ്ച്‌ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാൾ ആണെന്ന് ഫോറസ്‌റ്റ് റേഞ്ചർ ആർ. അധീഷ് പ്രതികരിച്ചിരുന്നു.
രഞ്ജിതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം, കേസിൽ വേടനെ കോടതി വനംവകുപ്പ് കസ്‌റ്റഡിയിൽവിട്ടു. രണ്ടുദിവസത്തേക്കാണ് കസ്‌റ്റഡി. നാളെ തൃശൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുക്കും. മേയ് രണ്ടിന് വേടൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്‌റ്റഡിയിലെടുത്ത വേടന്റെ അറസ്‌റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. രാത്രി മേക്കപ്പാല ഫോറസ്‌റ്റ് ഓഫീസിൽ എത്തിച്ച വേടനെ ചോദ്യം ചെയ്തു. തുടർന്ന് ഇന്ന് രാവിലെ ഒൻപതിന് കോടനാട്ടുള്ള മലയാറ്റൂർ ഫോറസ്‌റ്റ് ഡിവിഷൻ ഓഫീസിലെത്തിച്ചും ചോദ്യം ചെയ്തിരുന്നു.
രഞ്ജിത് കുമ്പിടിയെ തനിക്കറിയില്ലെന്ന് വേടൻ മാധ്യമങ്ങളോട് ആവർത്തിച്ചു. എല്ലാം അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും വേടൻ വ്യക്തമാക്കുന്നു. റാപ്പർ വേടനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി. വേടൻ്റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് വേടൻ്റെ ചിത്രം പങ്കുവച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു.
വേടൻ്റെ കറുപ്പിൻ്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്‌തമായ നിലപാടാണ് തനിക്കുള്ളതെന്നും ഗീവർഗീസ് മാർ കൂറിലോസ് പറയുന്നു.