‘ക്യാപിറ്റൽ പണിഷ്മെൻ്റ് നുണ’; ആലപ്പുഴ സമ്മേളനത്തിൽ ഒരു വനിതാ നേതാവും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: ക്യാപിറ്റൽ പണിഷ്മെന്റ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻ കുട്ടി. ആലപ്പുഴ സമ്മേളനത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും അന്ന് അങ്ങനെ ഒരു ചർച്ചയെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ സീനിയർ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനവും പാർട്ടിയിലുള്ള എല്ലാവരും നൽകിയിരുന്നു. വിഎസ് മരിച്ച ശേഷം അനാവശ്യ ചർച്ചകൾ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തത്തിലുള്ള ചർച്ചകൾ എന്തിനാണ് ഉണ്ടാക്കുന്നത് എന്ന് ഉണ്ടാക്കുന്നവർക്ക് മാത്രമേ അറിയുള്ളൂവെന്നും ശിവൻകുട്ടി പ്രതികരിച്ചു. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്‌ഠപ്പെടുന്നവരാണ് ഇത്തരം ചർച്ചകൾ ഉണ്ടാക്കുന്നത്. പിരപ്പൻകോട് മുരളി പറഞ്ഞത് ശുദ്ധ നുണ. പറയാനാണെങ്കിൽ അന്നേ പറയാമായിരുന്നു. ഇപ്പോൾ പറയുന്നതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴ സമ്മേളനത്തിൽ ആരും ക്യാപിറ്റൽ പണിഷ്മൻ്റ് എന്നൊരു വാക്ക് പോലും ആരും പറഞ്ഞിട്ടില്ലെന്ന് ചിന്ത ജെറോമും പ്രതികരിച്ചു. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ കൊല്ലത്ത് പ്രതികരിച്ചു.