video
play-sharp-fill
ബ്രഹ്മപുരം തീപിടിത്തം;  കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കി പുക; ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുന്നു”; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വിഡി സതീശന്‍

ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കി പുക; ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുന്നു”; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വിഡി സതീശന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തതില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കി പുക വ്യാപിക്കുകയാണെന്നു സതീശന്‍ പറഞ്ഞു. ഗൗരവമുള്ള സാഹചര്യമായിട്ടും സര്‍ക്കാര്‍ അലംഭാവം കാണിച്ചതായി സതീശന്‍ ആരോപിച്ചു.

ബ്രഹ്മപുരത്ത് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നവുമില്ലെന്നാണ് വെള്ളിയാഴ്ച മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയ ഹൈക്കോടതി ജഡ്ജി പോലും വിഷപ്പുക ശ്വസിച്ചു ശ്വാസം മുട്ടി, ഛര്‍ദിക്കേണ്ട സ്ഥിതിയിലായി. ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുകയാണ്. വിഷപ്പുക തങ്ങിനില്‍ക്കുകയാണ്, പ്രദേശത്ത് ആദ്യം പ്രഖ്യാപിക്കേണ്ടത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്നു സതീശന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും ദുരന്ത നിവാരണ വകുപ്പും നിഷ്‌ക്രിയമായിരിക്കുകയാണ്. തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മാലിന്യം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നിടത്തൊക്കെ തീപിടിക്കുകയാണ്. പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണ് അതിനു കാരണം. കരാറുകള്‍ ചെയ്തിട്ടുള്ള ഗുരുതരമായ കുറ്റകൃത്യമാണിത്. തീയണയ്ക്കാന്‍ കേരളത്തില്‍ സംവിധാനമില്ലെങ്കില്‍ കേന്ദ്രത്തോടോ മറ്റ് ഏജന്‍സികളോടെ ആവശ്യപ്പെട്ടു നടപടിയെടുക്കണം. സാങ്കേതിക വൈദഗ്ധ്യമുള്ളവരുമായി ബന്ധപ്പെടണം. ഇതിനൊന്നുമുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നാല്‍ യുഡിഎഫ് ശക്തമായ സമരപരിപാടികളുമായി രംഗത്തുവരും.

ബ്രഹ്മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയുന്നില്ലെന്നു സതീശന്‍ പറഞ്ഞു. വ്യാപകമായ അഴിമതിയാണ് മാലിന്യ നീക്കവുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ളത്. അതില്‍ ആരെല്ലാം പങ്കാളികളാണെന്നു കണ്ടെത്തണം. അന്വേഷണത്തിന്റെ പരിധിയില്‍ കോണ്‍ഗ്രസ് നേതാക്കളോ മറ്റാരോ വന്നാലും പ്രശ്‌നമില്ല. കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതിയാണ് നടന്നിട്ടുള്ളത്. അതിന്റെ ഭാഗമായാണ് മനപ്പൂര്‍വം തീ കൊടുത്തത്. സര്‍ക്കാര്‍ ഇതില്‍ വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

ബ്രഹ്മപുരത്ത് നടന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ അതു വാര്‍ത്തയായി. കേരളത്തിന് അപമാനകരമാണിതെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.