ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പ്രായം തളർത്താത്ത കേരളത്തിന്റെ വിപ്ലവ സൂര്യന് 96-ാം ജന്മദിനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പ്രായം തളർത്താത്ത കേരളത്തിന്റെ വിപ്ലവ സൂര്യന് 96-ാം ജന്മദിനം.
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്റെ യൗവ്വനം’
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വരികൾ അക്ഷരംപ്രതി ശരിയാകുന്ന നേതാവാണ് രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ സൂര്യൻ സഖാവ് വിഎസ് അച്യുതാനന്ദൻ.
രാഷ്ട്രീയ ഭേതമന്യേ മലയാളികൾ ഹൃദയത്തിലേറ്റിയ വിഎസ് 96-ാം ജന്മദിനം ആഘോഷിക്കുകയാണ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസിന്റെ അടിയുറച്ച നിലപാടുകളും തിരുത്താൻ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് മറ്റു നേതാക്കളിൽ നിന്നും പ്രിയപ്പെട്ടവനാക്കുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിക്കുന്നതിന് മുൻപ് തന്നെ നാം വിഎസിനെ മനസിലാക്കണം. ഇല്ലെങ്കിൽ ആ ചരിത്രം പൂർണമാകില്ല. ആലപ്പുഴ നോർത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ നാലാമനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ പോരാട്ടവീര്യവും ന്ിശ്ചയദാർഢ്യവും അദ്ദേഹത്തിന് കൈമുതലായിരുന്നു. 16 വയസ്സു മുതൽ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം പിന്നീട് 1957ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വം നേടി.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസ്സിൽ നിന്നിറങ്ങി വന്ന് 32 പേർ ചേർന്ന് പാർട്ടി രൂപീകരിച്ചതിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്ചുതാനന്ദനാണ്. ഒപ്പം നിന്ന പലരും കുതികാൽവെട്ടിയപ്പോഴും തന്റെ ഉറച്ച നിലപാടുകൾ തന്നെയായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയതും. മറ്റൊരാളിൽ നിന്നല്ല അദ്ദേഹം പാഠങ്ങൾ ഉൾക്കൊണ്ടത്.
സ്വന്തം ജീവിതവും അനുഭവങ്ങളും തന്നെയായിരുന്നു ഈ നേതാവിന്റെ സർവകലാശാല. വിഎസ് കാത്തു സൂക്ഷിച്ച നിലപാടുകളും പോരാട്ട വഴികളുമാണ് ഇന്ന് അദ്ദേഹത്തിന് പിന്നാലെ സംഘടനയിലേക്ക് നടന്നടുത്ത പ്രവർത്തകരുടെ ഏറ്റവും വലിയ മൂലധനം.
പാർട്ടിയും വിഎസുമായുള്ള യോജിപ്പും വിയോജിപ്പുകളുമായിരുന്നു പലപ്പോഴും രാഷ്ട്രീയ കേരളത്തിലെ ചർച്ചാവിഷയം. അച്ചടക്കത്തിന്റെ വേലിക്കെടുകൾ തകർത്ത് വിഎസ് സധൈര്യം മുന്നേറിയപ്പോൾ പിന്നാലെ അച്ചടക്ക നടപടികളുമെത്തി. താക്കീത്, ശാസന, പരസ്യ ശാസന, പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കം ചെയ്യൽ, സസ്പെൻഷൻ, പുറത്താക്കൽ എന്നിങ്ങനെ ആറുതരം അച്ചടക്ക നടപടികളിൽ ആദ്യം ലഭിച്ചതു തരംതാഴ്ത്തലായിരുന്നു. വിഎസിനെ സെക്രട്ടേറിയറ്റിൽനിന്നു നീക്കി.
1966ൽ ഇന്ത്യാ – ചൈന സംഘർഷമുണ്ടായപ്പോൾ പൂജപ്പുര ജയിലിലായിരുന്ന അച്യൂതാനന്ദന്റെ നേതൃത്വത്തിൽ രാജ്യരക്ഷാ ഫണ്ടിനു സംഭാവന നൽകാനും ഇന്ത്യൻ സൈനികർക്കു രക്തം ദാനം ചെയ്യാനും തീരുമാനിച്ചതായിരുന്നു ഈ നടപടിക്കിടയാക്കിയത്.
പിന്നീട് അത്തരം താക്കീതുകളും അച്ചടക്കനടപടികളുമൊന്നും അദ്ദേഹത്തെ ബാധിച്ചതേയില്ല. വിഎസ് ധീരതയോടെ തലയുയർത്തി തന്നെ എല്ലാം നേരിട്ടു. ഇന്നും തന്റെ ഉറച്ച നിലപാടുകളോടെ, പോരാട്ടത്തിന്റെ അണയാത്ത ജ്വാലയായി 96-ാം വയസിലും തളരാത്ത വീര്യമായി വിഎസ് യാത്ര തുടരുന്നു.
ഈ ജന്മം കമ്മ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്മ്യൂണിസ്റ്റുകാരനായി തന്നെയായിരിക്കും ഇതാണ് വി എസിന്റെ :-വി എസ്