വി എസിന്റെ ‘പൂച്ചകൾ’ തെറിച്ചതും പാർട്ടി ഓഫീസിൽ കൈവെച്ചപ്പോൾ.
സ്വന്തം ലേഖകൻ
തൊടുപുഴ : മൂന്നാറിൽ വി.എസിന്റെ ‘പൂച്ചകൾ’ കൈയേറ്റ മാഫിയയ്ക്കെതിരേ നടത്തിയ ചരിത്രദൗത്യവും പൊളിഞ്ഞത് പാർട്ടി ഓഫീസിൽ തൊട്ടപ്പോൾ. മൂന്നാർ സി.പി.ഐ. ഓഫീസിനെതിരേ നടത്തിയ നീക്കമാണ് 2007ലെ ആദ്യ കൈയേറ്റസംഘത്തിന്റെ ദൗത്യത്തെ ആന്റിക്ലൈമാക്സിലെത്തിച്ചത്.
കൈയേറ്റം വ്യാപകമാണെന്ന റിപ്പോർട്ടിനെത്തുടർന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മൂന്നാർ സന്ദർശനത്തിനു പിന്നാലെയായിരുന്നു നടപടി ശക്തതമാക്കിയത്. ഐ.എ.എസ് ഓഫീസറായിരുന്ന കെ. സുരേഷ്‌കുമാർ, ഐ.ജി: ഋഷിരാജ്സിങ്, രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ 2007 മേയ് 13നാണ് ദൗത്യം ആരംഭിച്ചത്.
ജൂൺ ഏഴുവരെയുള്ള 25 നാളുകളിൽ 91 കെട്ടിടങ്ങൾ നിലംപതിച്ചു. 11,350 ഏക്കർ സ്ഥലം വീണ്ടെടുത്തു. ഇതിനിടെയാണ് ദേശീയപാതയോരം കൈയേറിയ സി.പി.ഐ ഓഫീസിന്റെ മുൻഭാഗം പൊളിച്ചുനീക്കിയത്. സി.പി.ഐയുടെ 11 സെന്റ് സ്ഥലത്തിൽ രവീന്ദ്രൻ പട്ടയവും ഉൾപ്പെട്ടിരുന്നു എന്ന ആക്ഷേപത്തോടെ ദൗത്യസംഘം ഇതിനെതിരേ നീക്കം തുടങ്ങി.
ഇതോടെ സി.പി.ഐ നേതാക്കൾ ഇതിനെതിരേ ശക്തമായി രംഗത്തെത്തി. ദൗത്യ സംഘത്തലവൻ കെ. സുരേഷ്‌കുമാറിനെതിരേ ശക്തമായ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. പ്രാദേശിക നേതാക്കളുടെ നീക്കം പാർട്ടി സംസ്ഥാന ഘടകം ഏറ്റെടുത്തതോടെ സർക്കാർ സമ്മർദത്തിലായി. ഇതിനിടെ സി.പി.എം. പ്രാദേശിക നേതൃത്വവും ദൗത്യത്തിനെതിരേ രംഗത്തെത്തിയതോടെ സുരേഷ്‌കുമാറും ഋഷിരാജ്സിങും മലയിറങ്ങി. പിന്നീട് അഡീഷണൽ ലാൻഡ് റവന്യൂ കമ്മീഷണർ വി.എം. ഗോപാലമേനോനെയും കെ. രാമാനന്ദനേയും മൂന്നാറിലേക്ക് നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. സർക്കാർ ബോർഡുകൾ കാണാതാകുകയും ചെയ്തു. ഒഴിപ്പിക്കാൻ വരുന്നവന്റെ കാലുവെട്ടുമെന്ന സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവനയ്ക്കിടെ വി.എസ്.അച്യുതാനന്ദൻ വീണ്ടും മൂന്നാറിലേക്ക് മലകയറിയെത്തി ദൗത്യത്തിന് തുടക്കമിട്ടു. എന്നാൽ നോട്ടീസ് നൽകിയതല്ലാതെ വൻകിട കൈയേറ്റക്കാരിൽനിന്ന് ഒരിഞ്ചുപോലും വീണ്ടെടുക്കാനോ സർക്കാർ ബോർഡ് സ്ഥാപിക്കാനോ കഴിഞ്ഞില്ല. നിരവധി നഷ്ടപരിഹാര കേസുകളാണ് മൂന്നാർ നടപടിയുടെ പേരിൽ ഇപ്പോഴും വിവിധ കോടതികളിലുള്ളത്.