
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആദരിക്കാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ക്രൊയ്ഡൻ ബ്രാഞ്ച് (AIC) ലണ്ടൻ വെസ്റ്റ് ക്രൊയ്ഡനിലെ റസ്‌കിൻ ഹൗസില്‍ വച്ച് അനുസ്മരണ യോഗം കൂടി.’സ്ത്രീ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ, പ്രകൃതി സംരക്ഷണങ്ങളിലൂടെ, അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങളും അവരുടെ ജീവിതവും വിലപ്പെട്ടതാണ് എന്ന് ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്ത നേതാവായിരുന്നു വിഎസ്, എന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാദ്ധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ മണമ്പൂർ സുരേഷ് പറഞ്ഞു.
അജയൻ (AIC) അദ്ധ്യക്ഷത വഹിച്ചു, കൈരളി യുകെയെ പ്രതിനിധീകരിച്ച് സി എസ് ജ്യോതി പാലച്ചിറയും, മീരയും, ഓവർസീസ് കോണ്‍ഗ്രസിനു വേണ്ടി അല്‍സാറും, കെ സി ഡബ്ല്യു എ ക്കു വേണ്ടി പ്രസിഡന്റ് പവിത്രനും, കെ സി ഡബ്ല്യു എ ട്രസ്റ്റിന് വേണ്ടി ശശാങ്കനും, ഡയാന അനില്‍കുമാറും (വിമൻസ് കളക്ടീവ്), ഷീജ ജ്യോതിയും (വിമൻസ് കളക്ടീവ്), രവീന്ദ്രനും ക്രോയ്ഡൻ ബിസിനസ് അസോസിയേഷന് വേണ്ടി ജോസഫും ഫ്രണ്ട്സ് ഓഫ് ക്രോയ്ഡന് വേണ്ടി ജോണ്‍സണും സംസാരിച്ചു. അനില്‍കുമാർ (AIC) സ്വാഗതവും, അതുല്‍ നന്ദിയും പറഞ്ഞു.