
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദൻ ആലപ്പുഴയിലേക്ക്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്.
നേതാക്കളും പ്രവർത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്.
പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വൻ ജനക്കൂട്ടമാണുള്ളത്.
ദർബാർ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് അന്തിമോപചാരം അർപ്പിക്കാനായി വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അർപ്പിക്കാൻ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്കാരം.