
ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം അവിസ്മരണീയ യാത്രയയപ്പ് നൽകി പാതയോരങ്ങളിലെല്ലാം അഭൂതപൂർവ ജനക്കൂട്ടമെത്തിയതോടെ സമയക്രമമെല്ലാം കാറ്റിൽ പറന്നു. ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ കേരള ജനത ഒന്നാകെ തെരുവോരങ്ങളിൽ അണിനിരന്നതോടെ വിലാപ യാത്ര 22 മണിക്കൂർ പിന്നിട്ടാണ് വേലിക്കകത്ത് വീട്ടിലെത്തിയത്.
പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റിയപ്പോൾ വിലാപയാത്രയും അത്രമേൽ വൈകി. സമയ ക്രമമെല്ലാം തെറ്റിയതോടെ വി എസിന്‍റെ സംസ്കാര സമയത്തിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. വി എസിന്‍റെ സംസ്കാരം വൈകിട്ടോടെയാകും നടത്തുക. ആലപ്പുഴ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശന സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഡി സിയിൽ അരമണിക്കൂർ നേരം മാത്രമാകും പൊതു ദർശനം. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകുമെന്ന് അറിയിപ്പുണ്ട്. ശേഷം വൈകിട്ടോടെയാകും രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയിൽ വി എസ് അനശ്വരനാകുക.
സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തിയതായി നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ അറിയിച്ചിരുന്നു. അഭൂതപൂർവ്വമായ ജനക്കൂട്ടം ആണ് വി എസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നതെന്നും അതുകൊണ്ടുതന്നെ സംസ്കാരത്തിന്‍റെ കാര്യത്തിലടക്കം സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമയം നീണ്ടാലും എല്ലാവർക്കും ആദരമർപ്പിക്കാൻ അവസരം നൽകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
അവിസ്മരണീയം വിലാപയാത്ര
കേരളം കണ്ടതിൽ വച്ചേറ്റവും വൈകാരികമായ വിലാപയാത്രകളിലൊന്നിനാണ് കഴിഞ്ഞ 22 മണിക്കൂർ സാക്ഷ്യം വഹിച്ചത്. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര വീട്ടിലെത്തിയത് 22 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ച. പേമാരിയേയും സമയത്തെയും അവഗണിച്ച് പതിനായിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തുന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്.
അത്രമേൽ വൈകാരിക കാഴ്ചകളാണ് പിറന്ന നാട്ടിലും വളർന്ന മണ്ണിലും വി എസിന്‍റെ അവസാന യാത്രയിലുടനീളം കണ്ടത്. മഴയും വെയിലും അവഗണിച്ച് വിലാപയാത്ര നീങ്ങിയപ്പോള്‍ മണിക്കൂറുകള്‍ കണക്കാക്കിയ ഘടികാര സമയം ബസിനുള്ളിൽ കുടുങ്ങി. തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തുന്നതുവരെ റോഡിനിരുവശങ്ങളും പാർട്ടി സമ്മേളന നഗരിപോലെ ജന നിബിഡമായിരുന്നു. സമരം ജീവിതമാക്കിയ മനുഷ്യന്‍റെ അന്ത്യയാത്രയിൽ സാധാരണ ജനങ്ങൾ ഒഴുകിയെത്തി.
മണിക്കൂറുകളോളം നീണ്ട യാത്രക്കൊടുവിൽ, തനിക്ക് ജന്മമേകി തന്നെ വളർത്തി സഖാവ് വി എസ് ആക്കിമാറ്റിയ സ്വന്തം മണ്ണിലെത്തിയപ്പോൾ വികാര നിർഭരമായിരുന്നു ജനക്കൂട്ടം. ഇന്നോളം കണ്ടിട്ടില്ലാത്ത മുഖം വരച്ചെടുത്ത് കൈയിൽ കരുതിയ കുരുന്നുകള്‍ തെരുവോരത്തെ അവിസ്മരണീയ കാഴ്ചയായി. ഒരു നൂറ്റാണ്ടിന്‍റെ രേഖപ്പെടുത്തലിന് മക്കളെയും കൊച്ചുമക്കളെയും കൈയിലും തോളത്തുമേറ്റി കേരളം റോഡിനിരുവശത്തുമായി ചുരുങ്ങി. നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങള്‍ ഈ മണ്ണിൽ ശാശ്വതമാക്കുമെന്ന ഈരടി ഇടനെഞ്ചിൽ നിന്ന് ഇടിമഴയിലും കടലിരമ്പം പോലെ മുഴങ്ങി. സമരതീരത്ത് വി എസ് എന്ന വികാരം ഒരിക്കൽക്കൂടി അലയടിച്ചു. അച്ഛനെ നെഞ്ചേറ്റിയ മണ്ണിന്‍റെ അസാധ്യമായ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ്, ഇടതോരം ചേർന്ന് മകൻ അരുൺ കുമാർ കൈകൂപ്പി. വേലിക്കകത്ത് വീട്ടിലെത്തിച്ച ശേഷം ജന്മനാടിന്‍റെ അണയാത്ത സ്നേഹ വായ്പുരൾ ഏറ്റുവാങ്ങിയശേഷം റീക്രിയേഷൻ ഗ്രൗണ്ടിലും ശേഷം ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിനും ശേഷം രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയിൽ വി എസ് അനശ്വരനാകും.