വിഎസിന് വിട നൽകി തലസ്ഥാനം; ദർബാർ ഹാളിലെ പൊതുദർശനം അവസാനിച്ചു; വിലാപയാത്ര ആലപ്പുഴയിലേക്ക്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്തെ ദർബാർ ഹാളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനം അവസാനിച്ചു. മൃതദേഹം വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് മാറ്റി. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്.

വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ഇപ്പോൾ തന്നെ ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു.

സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു. വിവിധ ജില്ലകളിൽ നിന്ന് വിഎസിന്റെ അനുയായികളും ആരാധകരും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. പാർട്ടിയിലെ പോരാട്ട കാലത്ത് വിഎസിനൊപ്പം നിന്ന പ്രമുഖർ എല്ലാം അവസാനമായി അദ്ദേഹത്തെ കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിലേക്കുള്ള വഴിനീളെ പലയിടത്തും വിലാപയാത്ര നിർത്തും. തിരുവനന്തപുരത്ത് മാത്രം 23 പോയിൻ്റുകളിൽ ജനങ്ങൾക്ക് വിഎസിനെ കാണാൻ സാധിക്കും. ഇന്ന് ആലപ്പുഴയിൽ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം, പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിലാണ് വിഎസിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.