വിഎസ് കേരളം ഹൃദയത്തോട് ചേർത്തുവച്ച രണ്ടക്ഷരം: വിപ്ലവ സൂര്യൻ ഇനി ഓർമ്മ

Spread the love

സമരങ്ങളുടെ തീവ്രത നിറഞ്ഞ ഒരു കാലഘട്ടത്തെ പ്രതിനിധീകരിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസിൻ്റെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പകരം വെക്കാനാകാത്ത നഷ്ടമാണ്.

105 വർഷത്തെ ചരിത്രം പിറകിലെത്തി നിൽക്കുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 102 വർഷം ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവ് എന്നതും വേറിട്ടൊരു വാസ്തവമാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളായി പൊതുരംഗത്തു നിന്നും വിട്ടുനിന്നിരുന്ന വിഎസ് ഇനി ഓർമ്മ മാത്രം.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ എല്ലാം വരുമ്പോൾ മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് വിഎസ്. അത് തന്നെയാണ് കേരളത്തിന് വിഎസ് നല്‍കിയ ഏറ്റവും വലിയ സംഭാവനയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായാധിക്യം മൂലമുള്ള അവശതകളാല്‍ മാറിനില്‍ക്കുന്ന വിഎസിന്റെ അഭാവം അറിഞ്ഞ വര്‍ഷങ്ങളാണ് കടന്ന് പോയത് എന്ന് വിഎസിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവം പോലും പ്രതിദിനം ഇടപെടുന്നതായിരുന്നു ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ എന്നതാണ് വസ്തുത.

കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി കേരളം കണ്ട പരിസ്ഥിതി-തൊഴില്‍-സ്ത്രീപക്ഷ സമരങ്ങളില്‍ എല്ലാം വിഎസ് സാന്നിധ്യമായിരുന്നു. പരിസ്ഥിതി ഒരു രാഷ്ട്രീയ വിഷയമായി ഉന്നയിക്കുന്നത് പോലും വിഎസ് ആണ്. ഏറ്റവും ദരിദ്ര ചുറ്റുപാടില്‍ ജനിച്ച്‌ ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട് തൊഴിലാളികള്‍ക്ക് വേണ്ടി പോരാടി മര്‍ദ്ദനമേറ്റ് ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേര വരെ എത്തിയ സംഭവബഹുലമായ ചരിത്രമാണ് വിഎസിന്റേത്.

സിപിഎം എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച 32 പേരിലെ അവസാനത്തെ ആളെ കൂടിയാണ് വിഎസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വെന്തലത്തറക്കുടുംബത്തില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബര്‍ 20-നാണ് വിഎസിന്റെ ജനനം. കുട്ടിക്കാലം തൊട്ടെ പട്ടിണിയോടും ദാരിദ്ര്യത്തോടും പടവെട്ടിയാണ് വിഎസ് വളര്‍ന്നത്.

നാലാം വയസില്‍ അമ്മയേയും 11-ാം വയസില്‍ അച്ഛനേയും നഷ്ടപ്പെട്ട വിഎസിന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സഹോദരന്റെ തുന്നല്‍ക്കടയില്‍ സഹായിയായും കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായും മുന്നോട്ട്. സഖാക്കളുടെ സഖാവ് ആയ കൃഷ്ണപിള്ളയാണ് വിഎസിനെ വര്‍ഗബോധമുള്ള തൊഴിലാളി രാഷ്ട്രീയക്കാരനാക്കുന്നത്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കൃഷ്ണപിള്ള നിയോഗിച്ചത് വിഎസിനെയായിരുന്നു.

പതിനേഴാം വയസില്‍ പാര്‍ട്ടി അംഗമായ വിഎസ് തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണി പോരാളിയുമായി. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളായിരുന്നു എന്നും വിഎസിന്റെ കരുത്ത്. തൊഴിലാളി അവകാശങ്ങളെ കുറിച്ച്‌ ഒരു ബോധ്യമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ വിഎസ് വഹിച്ച പങ്ക് നിസ്തുലമാണ്.

ജനങ്ങളെ സംഘടിപ്പിച്ച്‌ യോഗങ്ങള്‍ നടത്തുമ്ബോള്‍ അന്ന് ഇന്നത്തെ പോലെ മൈക്കും സ്പീക്കറുമൊന്നുമുണ്ടായിരുന്നില്ല. പരിപാടിക്ക് എത്തിയ ഏറ്റവും അവസാനമിരിക്കുന്ന ആള്‍ക്ക് പോലും താന്‍ പറയുന്നത് കേള്‍ക്കണം എന്നത് കൊണ്ടാണ് വിഎസ് നീട്ടിയും കുറുക്കിയും വലിയ ഉച്ഛത്തിലും പ്രസംഗിച്ച്‌ തുടങ്ങിയത്. അത് പിന്നീട് മിമിക്രിക്കാര്‍ അനുകരിക്കുന്ന വിഎസ് ശൈലിയായി മാറി.

ഇകെ നായനാര്‍ക്ക് ശേഷം കേരളം കണ്ട ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു വിഎസ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പാര്‍ട്ടി സംഘാടനത്തിലും ഒരുപോലെ തിളങ്ങിയ നേതാവ്. നിര്‍ണായകമായ ദേവികുളം നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചത് വിഎസിനെയായിരുന്നു. അന്ന് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയമായിരുന്നു.

എന്നാല്‍ അന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും പോകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ആളാണ് വിഎസ്. ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് റോസമ്മ പുന്നൂസ് ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിഎസ് പങ്കെടുക്കാത്ത ആ പാര്‍ട്ടി കോണ്‍ഗ്രസാണ് വിഎസിനെ ആദ്യമായി കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതും!

1965-ല്‍ ആണ് വിഎസ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സ്വന്തം വീടുള്‍പ്പെടുന്ന അമ്ബലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. 1967 ല്‍ ആണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1970 ലും ജയിച്ച്‌ എംഎല്‍എയായെങ്കിലും 1977 ല്‍ പരാജയം രുചിച്ചു. പിന്നീട് പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറിയ വിഎസ് സംഘടനാ രംഗത്ത് സജീവമായി.

1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ച്‌ ജയിച്ചു. എന്നാല്‍ 1996 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും വിഎസ് മാരാരിക്കുളത്ത് തോറ്റു. വിഎസ് ജയിച്ചിരുന്നെങ്കില്‍ അന്ന് മുഖ്യമന്ത്രിയാകും എന്ന് കരുതപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോല്‍വിക്കു പിറകില്‍. എന്നാല്‍ അതിന് ശേഷമാണ് വിഎസ് ഇന്നത്തെ നിലയ്ക്ക് ജനകീയനായ രാഷ്ട്രീയക്കാരനും കാര്‍ക്കശ്യക്കാരനായ പാര്‍ട്ടിക്കാരനുമായത്.

2001 ല്‍ പാലക്കാട് ജില്ലയിലെ മലമ്ബുഴയിലേക്ക് വിഎസ് മാറി. അന്ന് മുതല്‍ 2016 വരെ വിഎസ് മലമ്ബുഴയില്‍ നിന്ന് ജയിച്ച്‌ നിയമസഭയിലെത്തി. കേരളം കണ്ട എക്കാലത്തേയും മികച്ച പ്രതിപക്ഷ നേതാവിന്റെ ഉദയമായിരുന്നു പിന്നീട്. 2001-06 കാലത്തെ ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വിഎസിന്റെ നേതൃത്വത്തില്‍ നിരന്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സ്ത്രീസുരക്ഷ, പരിസ്ഥിതി എന്നിവ രാഷ്ട്രീയ മുദ്രാവാക്യങ്ങളായി വിഎസ് ഉയര്‍ത്തി കൊണ്ടുവരുന്നത് അക്കാലത്താണ്.

പാമോലിന്‍, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍ശിക്ഷ വാങ്ങിച്ചുകൊടുത്താണ് വിഎസ് പോരാട്ടം അവസാനിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ വിഎസ് ഏറ്റെടുത്തു.

മതികെട്ടാന്‍മലയിലും മറ്റമുള്ള ഭൂപ്രശ്നങ്ങളില്‍ ഇടപെട്ടു. സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍ കേസുകളിലെ പെണ്‍കുട്ടികള്‍ക്കാപ്പം നിന്നു. ഇതിന്റെയെല്ലാം ഫലമായി 2006 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഒരുവശത്ത് വിഎസ് ജനകീയനായിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ അനഭിമതനായിരുന്നു. വിഎസിന് ഒരു ഘട്ടത്തില്‍ സീറ്റ് നിഷേധിക്കുന്ന സ്ഥിതി വരെയുണ്ടായി.

എന്നാല്‍ വിഎസിനെ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങള്‍ തെരുവിലിറങ്ങി. കേരളത്തില്‍ അതിന് മുന്‍പും ശേഷവും ഇല്ലാത്ത സംഭവമായിരുന്നു ഇത്. ഒടുവില്‍ വിഎസ് മത്സരിച്ചു. മലമ്ബുഴയില്‍ 20000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് ജയിക്കുകയും കേരളത്തിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. 2011 വരെ കാലാവധിയുണ്ടായിരുന്ന വിഎസ് സര്‍ക്കാര്‍ മികച്ച ജനകീയ പ്രവര്‍ത്തനങ്ങളോടെ കൈയടി നേടി.

എന്നാല്‍ മൂന്നാര്‍ ദൗത്യമടക്കമുള്ളവ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് നേരിട്ടു. വിഎസ് ഒരു വശത്തും പാര്‍ട്ടി മറുവശത്തും എന്ന നിലയിലാണ് അന്ന് സിപിഎം രാഷ്ട്രീയം. ഇതിന്റെ ഫലമായി 2011 ല്‍ കേവലം രണ്ട് സീറ്റിന് എല്‍ഡിഎഫിന് അധികാര തുടര്‍ച്ച നഷ്ടമായി. പാര്‍ട്ടി തന്നെയാണ് ഈ അധികാര തുടര്‍ച്ചയെ ഇല്ലാതാക്കിയത് എന്നാണ് പല രാഷ്ട്രീയ വിദഗ്ധരും ഇതിനെ നിരീക്ഷിച്ചത്.

2011 ല്‍ വീണ്ടും വിഎസ് പ്രതിപക്ഷ നേതാവായി. ആ സമയമാകുമ്ബോഴേക്കും 90 കളില്‍ ആയിരുന്നു വിഎസിന്റെ പ്രായം. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന് വിശ്രമമുണ്ടായിരുന്നില്ല. നിയമസഭയിലും പുറത്തും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഎസിന്റെ ചൂടറിഞ്ഞു. പെമ്ബിളൈ ഒരുമൈ സമരം, സോളാര്‍, ബാര്‍ കോഴ എന്നി പ്രശ്നങ്ങളിലെല്ലാം വിഎസ്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പോരാട്ടം നടത്തി.

93 കാരനായ വിഎസ് 2016 ലും മലമ്ബുഴയില്‍ നിന്ന് ജനവിധി നേടി ജയിച്ചു. ഒപ്പം കേരളത്തിലെ 140 മണ്ഡലങ്ങളിലുമെത്തി എല്‍ഡിഎഫിന് വേണ്ടി വോട്ട് നേടി. ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകാനുള്ള താല്‍പര്യവും ‘ആരോഗ്യവും’ വിഎസിനുണ്ടായിരുന്നെങ്കിലും പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ റോളില്‍ വിഎസുണ്ടായിരുന്നു.

അതിനിടെ വന്ന ആരോഗ്യപ്രശ്നങ്ങളാണ് വിഎസിനെ പൊതുരംഗത്ത് നിന്ന് മാറ്റിയത്. 1957 ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്ബോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളായിരുന്നു വിഎസ്. 1980 മുതല്‍ 92 വരെ 12 വര്‍ഷം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ദിവാന്‍ ഭരണത്തിനെതിരെ ധൈര്യത്തോടെ പ്രതിരോധം ഉയർത്തിയതോടെ പൊതുവേദിയിൽ കാലെടുത്ത് വച്ച നേതാവാണ് വിഎസ്. അദ്ദേഹത്തിന്റെ ജീവിതയാത്ര കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം ചേർന്നുപോയതാണ്. പുന്നപ്ര-വയലാർ സമരകാലത്തുള്ള നേതൃത്വം മുതലാക്കി, കേരളത്തിന്റെ ജനഹൃദയത്തിൽ പതിഞ്ഞ ഒരു പേരായി മാറിയ വിഎസ് എന്ന രണ്ട് അക്ഷരങ്ങൾ, മലയാളികളുടെ ഓർമകളിൽ കാലാവധിയില്ലാതെ തുടരുമെന്നത് ഉറപ്പാണ്.