
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ജില്ലയിൽ ശനിയാഴ്ച (നവംബർ 29) ആരംഭിക്കും.
ഡിസംബർ ഒന്നോടെ പൂർത്തിയാകും. ഏറ്റുമാനൂർ സത്രം വെയർ ഹൗസിലാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ബ്ലോക്ക്, മുൻസിപ്പൽ റിട്ടേണിംഗ് ഓഫീസർമാർക്കാണ് വോട്ടിങ് യന്ത്രങ്ങൾ കൈമാറുന്നത്.
ജില്ലയിലെ 11 ബ്‌ളോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ-സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലെത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പുദിവസത്തിന്റെ തലേന്നാണ് പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറുന്നത്. 5775 ബാലറ്റ് യൂണിറ്റുകളും 1925 കൺട്രോൾ യൂണിറ്റുകളുമായി ആകെ 7700 വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയിൽ ആവശ്യമായിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ, ചങ്ങനാശേരി നഗരസഭകൾ, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളാണ് ശനിയാഴ്ച) വിതരണം ചെയ്യുന്നത്. നവംബർ 30ന് ഏറ്റുമാനൂർ, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകൾ, കോട്ടയം, ഈരാറ്റുപേട്ട നഗരസഭകൾ; ഡിസംബർ ഒന്നിന് പാലാ, വൈക്കം നഗരസഭകൾ; വാഴൂർ, മാടപ്പള്ളി, ഉഴവൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കു വിതരണം നടക്കും.




