
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം പിന്തുണയ്ക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുളള കക്ഷികൾ പങ്കുവെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രമേയം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനം. വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയം കൊണ്ടു വരും.



