
വോട്ടര്‍ പട്ടിക പുതുക്കൽ; തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ സെപ്തംബർ 23 വരെ പേര് ചേർക്കാം; അന്തിമ പട്ടിക ഒക്ടോബര്‍ 16ന് പ്രസിദ്ധീകരിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാൻ അറിയിച്ചു.
കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമ പട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും.
2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ അതിനായി പട്ടിക പുതുക്കിയിരുന്നു. ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂര്‍ത്തിയായ അര്‍ഹതപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനുമാണ് സംക്ഷിപ്ത പുതുക്കല്‍ നടത്തുന്നത്.
തദ്ദേശ ഉപതെരഞ്ഞടുപ്പിനും 2025ലെ പൊതു തെരഞ്ഞൈടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.
പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്താനും sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്‍റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസര്‍ക്ക് നല്‍കണം.
അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവനകേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്‍റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി.