
ന്യൂഡൽഹി: ബിഹാർ മാതൃകയിൽ രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) പ്രക്രിയ നടത്താനുള്ള നീക്കത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ യോഗം വിളിച്ചു. ഈ മാസം 10 (ബുധൻ)നാണ് യോഗം നടക്കുക.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ചുമതലയേറ്റതിനുശേഷം നടക്കുന്ന മൂന്നാമത്തെ സിഇഒമാരുടെ യോഗമാണിത്. രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (SIR) നടപടികൾക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് യോഗം ചേരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബീഹാറിൽ നടന്ന സമാനമായ പരിശോധന വിവാദമായിരുന്നു. കമ്മീഷനെതിരെ വോട്ട് ചോരി ആരോപണം നിലനിൽക്കുന്ന സമയമാണ്.
എല്ലാ സിഇഒമാരും അവരുടെ സംസ്ഥാനങ്ങളിലെയും യുടികളിലെയും വോട്ടർമാരുടെ എണ്ണവും അവസാനത്തെ തീവ്ര പരിഷ്കരണത്തിൻ്റെ വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങൾ സെപ്റ്റംബർ 10 ലെ യോഗത്തിൽ അവതരിപ്പിക്കും. ജൂൺ 24 ന് പുറപ്പെടുവിച്ച ഉത്തരവിൽ രാജ്യമെമ്പാടും തീവ്ര പുനപരിശോധന നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് തെരഞ്ഞെടുപ്പിന് തൊട്ട് ബിഹാറിൽ തിരക്കിട്ട് നടപ്പാക്കി. 2026 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി കണക്കാക്കി എസ്ഐആർ നടത്തുമെന്നാണ് പറഞ്ഞിരുന്നത്.