സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പാലാ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23 നാണ് പാലാ നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 27 ന് വോട്ടെണ്ണൽ നടക്കും. സെപ്റ്റംബർ നാല് വരെ പത്രിക സമർപ്പിക്കുന്നതിന് അവസരമുണ്ട്. സൂക്ഷ്മപരിശോധന സെപ്റ്റംബർ അഞ്ചിന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയിൽ തിരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ.എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലാ മണ്ഡലത്തിൽ ഒഴിവ് വന്നിരിക്കുന്നത്. അൻപത് വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ പേരിനൊപ്പം ചേർത്തു വായിച്ചിരുന്ന പാലാ മണ്ഡലത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഇരുചേരികളായി മാറിയ കേരള കോൺഗ്രസിന്റെ ബല പരീക്ഷണത്തിനുള്ള വേദികൂടിയായി പാലാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് ഉറപ്പാണ്. പി.ജെ ജോസഫ വിഭാഗവും ജോസ് കെമാണി വിഭാവും തമ്മിലുള്ള തർക്കങ്ങൾ ഏത് വിധത്തിൽ പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കാത്തിരിക്കുന്നത്.
ഇതിനിടെ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി കെ.എം മാണിയുടെ മരുമകൾ നിഷ ജോസ് കെ.മാണിയെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.