
ദില്ലി: വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കം. യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും.
സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ സമാപന റാലി നടക്കും. രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർണ്ണായക വാർത്താ സമ്മേളനവും നടക്കും. രാഹുൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നാണ് ഇതിൽ വലിയ ആകാംക്ഷ. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണ്ണായകമാകും.
ഈ മാസം ഏഴാം തീയതിയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പറയുകയും ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് കാര്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനൗദ്യോഗികമായാണ് കമ്മീഷൻ ഈ വിഷയങ്ങളിലെല്ലാം മറുപടി നൽകിക്കൊണ്ടിരുന്നത്. തെളിവുകളെല്ലാം കൈയിലുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധി പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടു നൽകാത്തത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നത്.
താൻ ഒരു പൊതു പ്രവർത്തകനാണ്. തന്റെ വാക്കുകൾ ഡിക്ലറേഷൻ ആയി കണക്കാക്കുകയും അതിന്മേൽ കമ്മീഷൻ അന്വേഷണം നടത്തുകയുമാണ് വേണ്ടെതെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന നിലപാടായിരുന്നു പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.
രാഹുൽഗാന്ധിയും തേജസ്വി യാദവും ചേർന്നുള്ള വോട്ട് അധികാർ യാത്രയ്ക്ക് നാളെ തുടക്കമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്.