
പൊളിറ്റിക്കൽ ഡെസ്‌ക്
കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ സെക്രട്ടറി വാസവനെ കളത്തിലിറക്കിയ സിപിഎം ഉറപ്പാക്കുന്നത് എസ്.എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിൻതുണ. എസ്എൻഡിപി യോഗത്തിനും സിപിഎമ്മിനും നിർണ്ണായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ വാസവനെ രംഗത്തിറക്കുക വഴി കൃത്യമായി പാർട്ടി വോട്ടിനൊപ്പം എസ്എൻഡിപി വോട്ടുകളും കൃത്യമായി ഇടത് ക്യാമ്പിൽ എത്തിക്കുകയാണ് ഇപ്പോൾ സിപിഎം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ടു തവണയും ജോസ് കെ.മാണിയുടെയും കേരള കോൺഗ്രസിന്റെയും പോരാട്ട മികവിന് മുന്നിൽ സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും സ്ഥാനാർത്ഥികൾക്ക് അടിതെറ്റുകയായിരുന്നു. 2009 ൽ കെ.സുരേഷ്‌കുറുപ്പിനെ വീഴ്ത്തി ജോസ് കെ മാണി ആദ്യ തവണ പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ചില പ്രത്യേക സാഹചര്യത്തിൽ സീറ്റ് ജനതാദള്ളിനു കൈമാറി. തുടർന്ന് ജനതാദള്ളിലെ മാത്യു ടി.തോമസ് കോട്ടയത്ത് മത്സരിച്ചെങ്കിലും ഒന്നേകാൽ ലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇക്കുറി സീറ്റ് ഏറ്റെടുക്കാനും വ.എൻ വാസവനെ തന്നെ സ്ഥാനാർത്ഥിയാക്കാനും സിപിഎം നിശ്ചയിച്ചത്.
കോട്ടയം, പുതുപ്പള്ളി, വൈക്കം, പാലാ, കടുത്തുരുത്തി, പിറവം, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതാൽ, ഏറ്റുമാനൂരും, വൈക്കവും ഒഴികെ എല്ലാ മണ്ഡലങ്ങളിലും നിലവിലുള്ളത് യുഡിഎഫ് എംഎൽഎമാരാണ്. യുഡിഎഫിനു നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവയെല്ലാം. പുതുപ്പള്ളിയും, പാലയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധാ കേന്ദ്രങ്ങളായ യുഡിഎഫ് മണ്ഡലങ്ങളാണ്. ഇവിടെ ചരിത്രത്തിൽ ഒരിക്കൽ പോലും സിപിഎമ്മിനോ ഇടതു മുന്നണിയ്‌ക്കോ വേരോട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. കടുത്തുരുത്തിയും കോട്ടയവും ഇടയ്ക്കിടെ ഇടതു മുന്നണിയെ പിൻതുണച്ചിട്ടുണ്ടെങ്കിലും പരമ്പരാഗത യുഡിഎഫ് കോട്ട തന്നെയാണ് ഈ മണ്ഡലങ്ങൾ. വൈക്കവും ഏറ്റുമാനൂരും മാത്രമാണ് ഇടതു മുന്നണിയ്ക്ക് പതിവ് പോരാട്ടങ്ങളിൽ പ്രതീക്ഷ നൽകുന്ന കേന്ദ്രങ്ങൾ. പിറവമാകട്ടെ സിപിഎമ്മിനെ ഇടക്കാലത്ത് എപ്പോഴോ പിൻതുണച്ചു എന്നത് ഒഴിച്ചാൽ കാര്യമായ പ്രതീക്ഷ നൽകുന്നുമില്ല. ഈ സാഹചര്യത്തിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പിൻതുണയോടെ ജില്ലാ സെക്രട്ടറിയുടെ രംഗപ്രവേശം തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറ്റി മറിക്കുന്നത്.
സിപിഎമ്മിന് ബാലികേറാമലയായ പാലായിലും, കടുത്തുരുത്തിയിലും എസ്എൻഡിപി യോഗത്തിന് നിർണ്ണായക സ്വാധീനമുണ്ട്. ഇതു കൂടാതെ ഇടതു മുന്നണിയ്ക്ക് പ്രതീക്ഷ നൽകുന്നത് വൈക്കവും ഏറ്റുമാനൂരുമാണ്. ഏറ്റുമാനൂരിലെ കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര പഞ്ചായത്തുകൾ എല്ലാക്കാലത്തും സിപിഎമ്മിനൊപ്പം നിന്ന മണ്ഡലങ്ങളാണ്. അതിരമ്പുഴയും, ഏറ്റുമാനൂരും കോൺഗ്രസിനും കേരള കോൺഗ്രസിനും സ്വാധിനമുള്ള സ്ഥലങ്ങളാണെങ്കിലും ഇവിടെയും എസ്എൻഡിപി നിർണ്ണായക ശക്തമാകും. ഇത് വാസവന് ഗുണം ചെയ്യുമെന്നാണ് സൂചന.
സ്വന്തം ജന്മദേശം എന്നത് തന്നെയാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വാസവന്റെ വിശ്വാസത്തിന് കാരണം. പാമ്പാടിയിൽ മെയ്ദിന റാലിയുടെ സംഘാടകനിലൂടെയാണ് ജില്ലാ സെക്രട്ടറി പദത്തിലേയ്ക്ക് വാസവൻ എത്തിച്ചേർന്നത്. അതുകൊണ്ടു തന്നെ പാമ്പാടിയും പുതുപ്പള്ളിയും തനിക്കൊപ്പം നിൽക്കുമെന്ന് സിപിഎമ്മും ജില്ലാ സെക്രട്ടറിയും പ്രതീക്ഷിക്കുന്നു. പരമ്പരാഗത ഇടത് മണ്ഡലമായ വൈക്കത്ത് സിപിഎമ്മിന് മറിച്ച് പ്രതീക്ഷിക്കാൻ നിലവിൽ യാതൊന്നും സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വൈക്കവും, പുതുപ്പള്ളിയും, ഏറ്റുമാനൂരും, കോട്ടയവും ഒപ്പം നിൽക്കുകയും, പാലായിലും പിറവത്തും കടുത്തുരുത്തിയിലും കേരള കോൺഗ്രസിന്റെ ലീഡ് നില പരമാവധി കുറയ്ക്കുകയും ചെയ്താൽ കോട്ടയം മണ്ഡലം വീണ്ടും ഇടത് കോട്ടയാവും.