ആവേശ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വി.എൻ വാസവൻ: പ്രചാരണച്ചൂട് ഏറുന്നു
സ്വന്തം ലേഖക
കോട്ടയം: ഊഷ‌്മളമായ സ്വീകരണങ്ങളുടെ ദിവസമായിരുന്നു എൽഡിഎഫ‌് കോട്ടയം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി വി എൻ വാസവന‌് ഞായറാഴ‌്ച. കട്ടച്ചിറയിലെ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കോട്ടയത്തെത്തിയ വാസവന‌് ചുങ്കത്ത‌് നാട്ടുകാരും പാർടി പ്രവർത്തകരും ഊഷ‌്മളമായ സ്വീകരണം നൽകി. തുടർന്ന‌് ഇടയാഞ്ഞിലിയിൽ ടിറ്റി ജോസിന്റെ വീട്ടിൽ പ്രദേശവാസികൾ പങ്കെടുത്ത ചെറു യോഗം. മുദ്രാവാക്യങ്ങളുമായി ആവേശത്തോടെയായയിരുന്നു സ്വീകരണം.
കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ സ്ഥാനാർഥി എത്തിയപ്പോൾ വിവാഹ ചടങ്ങികൾ നടക്കുകയായിരുന്നനു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ സ്ഥാനാർഥിയുമായി കുശലം പറഞ്ഞു. തുടർന്ന‌് ദേവസ്വം മാനേജർ സി എൻ ശങ്കരൻ നമ്പൂതിരിയുടെ ഓഫീസിലേക്ക‌്. “നമ്മൾ അപരിചിതരല്ലല്ലോ’ –- നിറഞ്ഞ ചിരിയുമായി ഹസ‌്തദാനം നൽകിക്കൊണ്ട‌് ശങ്കരൻ നമ്പൂതിരി പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഇടപെടാറുള്ള വാസവനെ എല്ലാവർക്കും സുപരിചിതം. ക്ഷേത്ര പരിസരത്ത‌് കൂടിനിന്ന കൗമാരക്കാർക്കും വാസവനെ കണ്ടപ്പോൾ ഒപ്പം നിർത്തി ഫോട്ടോ എടുക്കാൻ ആഗ്രഹം. കുമാരനല്ലൂർ ക്ഷേത്രാചാരങ്ങളുടെ മേലധികാരിയായ മധുരമന അച്യുതൻ നമ്പൂതിരിയെയും സ്ഥാനാർഥി സന്ദർശിച്ച‌് സൗഹൃദം പങ്കുവച്ചു.
മുടിയൂർക്കര ഹോളിഫാമിലി ദേവാലയത്തിലെത്തിയ വി എൻ വാസവന‌് വികാരി ഫാ. ജയിംസ‌് കലയംകണ്ടം മംഗളാശംസകൾ നേർന്നു. എസ‌്എച്ച‌് മൗണ്ട‌് പബ്ലിക‌് സ‌്കൂൾ, നട്ടാശ്ശേരി, മുണ്ടകം, നീലിമംഗലം, വെള്ളൂപ്പറമ്പ‌് എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥിക്ക‌് സ‌്നേഹവായ‌്പോടെ സ്വീകരണം. സിപിഐ എം കുമാരനല്ലൂർ ഈസ‌്റ്റ‌് ലോക്കൽ സെക്രട്ടറി
വി ആർ പ്രസാദ‌്, വെസ‌്റ്റ‌് ലോക്കൽ സെക്രട്ടറി ടി എം സുരേഷ‌്, നഗരസഭാംഗം കെ കെ ശ്രീമോൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.