നെടുങ്കണ്ടം രാജ്കുമാർ കൊലക്കേസ്: ആരോപണം നേരിട്ട സി.ഐ സാജു വർഗീസ് അന്വേഷണ സംഘത്തിൽ നിന്നും സ്വയം ഒഴിവാകുന്നു; തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സാജു കത്തു നൽകി
സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടം രാജ്കുമാർ കൊലക്കേസിൽ അനാവശ്യ വിവാദത്തിൽ കുടുങ്ങിയ സി.ഐ സാജു വർഗീസ് അന്വേഷണ സംഘത്തിൽ നിന്നും സ്വയം ഒഴിവാകുന്നു. മുൻപ് മറ്റൊരു കേസിന്റെ പേരിൽ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടതിന്റെ പേരിലാണ് സാജു വർഗീസിനെ ഇപ്പോഴും വേട്ടയാടുന്നത്. ഇതേ തുടർന്നാണ് ഇദ്ദേഹം താൻ സ്വയം അന്വേഷണ സംഘത്തിൽ നിന്നും പിന്മാറുകയാണെന്ന് സാജു വർഗീസ് അറിയിച്ചത്.
നെടുങ്കണ്ടത്ത് രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ സാജു വർഗീസിനെയും ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി സാജു വർഗീസ് അന്വേഷണ സംഘത്തിനൊപ്പം സംഭവ സ്ഥലങ്ങളിലും, കൊല്ലപ്പെട്ട രാജ്കുമാറിന്റെ വീടും അടക്കം സന്ദർശിച്ചിരുന്നു. എന്നാൽ, ഇന്നലെ രാവിലെ പൊടുന്നനെ മലയാള മനോരമ ദിനപത്രത്തിലാണ് സി.ഐ സാജു വർഗീസിനെതിരെ വാർത്ത പ്രത്യേക്ഷപ്പെട്ടതും, ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയർന്നതും.
കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ സി.ഐ ആയിരിക്കെ കുറ്റാന്വേഷണത്തിൽ പ്രത്യേക മികവ് പ്രകടിപ്പിച്ചിട്ടുള്ള സി.ഐ സാജു വർഗീസിന് പല തവണ ബാഡ്ജ് ഓഫ് ഓണർ അടക്കമുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഒൻപത് മാസം മുൻപുണ്ടായ കേസിന്റെ പേരിലാണ് ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. എന്നാൽ, ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരിടത്തു പോലും സാജു വർഗീസ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിലുണ്ടായ വീഴ്ചകളുടെ പേരിലാണ് ഇദ്ദേഹത്തിനെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായത്. എന്നാൽ, ഇദ്ദേഹത്തെ അഴിമതിക്കാരനാണെന്ന് മുദ്രകുത്തി മാറ്റി നിർത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഇതിനു പിന്നിൽ പൊലീസിലെ തന്നെ ഒരു സംഘവും, ഒരു ജനപ്രതിനിധിയും അടക്കമുള്ളവർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.