എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് കോട്ടയത്ത് യുഡിഎഫ് ആധിപത്യം; ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ തട്ടകമായ ഏറ്റുമാനൂരിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്ത്; 20 സീറ്റ് നേടി യുഡിഎഫ്;ആറ് വാര്‍ഡുകള്‍ നേടി എന്‍ഡിഎ രണ്ടാം സ്ഥാനത്ത്;ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായിരുന്ന പുതുപ്പള്ളിയിൽ ശക്തി തെളിയിച്ച് യുഡിഎഫ്

Spread the love

കോട്ടയം: തദ്ദേശപോരിൽ എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ജില്ലയില്‍ യുഡിഎഫ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഇടതുപക്ഷത്തിന് ഏറെക്കുറേ മറന്ന മട്ടിലുള്ള കോട്ടയത്തിൻ്റെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഏറ്റുമാനൂർ നഗരസഭയിൽനിന്നുള്ള വിധി ശ്രദ്ധേയമാവുകയാണ്. ദേവസ്വം മന്ത്രി വി.എന്‍. വാസവൻ്റെ തട്ടകമായ ഏറ്റുമാനൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

video
play-sharp-fill

36 വാര്‍ഡുകളില്‍ 20-ലും യുഡിഎഫ് ഭരണം നേടിയപ്പോള്‍ ആറ് വാര്‍ഡുകള്‍ നേടി എന്‍ഡിഎ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് വാര്‍ഡുകള്‍ മാത്രമാണ് എല്‍ഡിഎഫ് നേടിയത്.

2020-ല്‍ 13 വാര്‍ഡുകളില്‍ യുഡിഎഫ് മേല്‍ക്കൈ ഉറപ്പിച്ചപ്പോള്‍ 12 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു. ഏഴ് വാര്‍ഡുകള്‍ നേടി എന്‍ഡിഎ മൂന്നാം സ്ഥാനത്തായിരുന്നു അന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് ആറ് നഗരസഭകളിലും പതിനൊന്നില്‍ ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും ഭരണം പിടിച്ച യുഡിഎഫ് ഇടവേളയ്ക്ക് ശേഷം ജില്ലാപഞ്ചായത്തിലും ഭരണത്തിലേറി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയില്ലാതെ കോട്ടയം യുഡിഎഫ് കോട്ടയാണെന്ന് തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിന്റെ ബലത്തിലാണ് യുഡിഎഫ് കോട്ട എല്‍ഡിഎഫ് പിടിച്ചെടുത്തത്

ജോസ് കെ. മാണിയുടെയും പാര്‍ട്ടിയുടെയും പിന്‍ബലത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണത്തുടര്‍ച്ച നേടാം എന്ന എല്‍.ഡി.എഫിന്റെ ലക്ഷ്യത്തിന് ഇത്തവണ കനത്ത തിരിച്ചടിയാണേറ്റത്. ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസും യുഡിഎഫും തിരിച്ചുപിടിച്ചു. 23-ല്‍ 16 സീറ്റുകള്‍ നേടി ആധികാരിമായാണ് കോണ്‍ഗ്രസിന്റെ വിജയം. എല്‍ഡിഎഫ് ആറ് സീറ്റില്‍ ഒതുങ്ങി.

കഴിഞ്ഞ തവണത്തെ പോലെ തന്നെ മുന്‍സിപാലിറ്റികളില്‍ യുഡിഎഫിനാണ് വ്യക്തമായ മുന്‍തൂക്കം. ഏറ്റുമാനൂര്‍, കോട്ടയം, ഇരാറ്റുപേട്ട മുന്‍സിപാലിറ്റികളില്‍ യുഡിഎഫ് ഭരണം പിടിച്ചപ്പോള്‍ പാലയിലും ചങ്ങനാശ്ശേരിയിലും വൈക്കത്തും സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം എന്ന സ്ഥിതിയാണ്.

കോട്ടയം നഗരസഭയില്‍ 53 അംഗസഭയില്‍ 31 എണ്ണത്തില്‍ വിജയിച്ചാണ് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്.

എല്‍ഡിഎഫ് 15 സീറ്റില്‍ വിജയിച്ചപ്പോള്‍ ആറ് സീറ്റില്‍ ബിജെപിയും വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു. ഏറ്റുമാനൂരില്‍ 36 അംഗ കൗണ്‍സിലില്‍ 20 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. ഇവിടെ ബിജെപിയാണ് രണ്ടാമത്തെ വലിയ കക്ഷി. ബിജെപിക്ക് ഏഴ് സീറ്റ് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചു.

കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ നഷ്ടപ്പെട്ടുപോയ പാലാ നഗരസഭയുടെ ഭരണം യു.ഡി.എഫിന് അവര്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ പിന്തുണയോടെ തിരികെ പിടിക്കാം. 26 വാര്‍ഡുകളുള്ള പാലാ നഗരസഭയില്‍ 12 സീറ്റുകളില്‍ മുന്നിലെത്തി എല്‍ഡിഎഫാണ് എറ്റവും വലിയ മുന്നണി.

എന്നാല്‍ പത്ത് സീറ്റുകളില്‍ വിജയിച്ച യുഡിഎഫിന് അവര്‍ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം. ഇവിടെ വിജയിച്ച ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും നിര്‍ണായകമാകും.

ഈരാറ്റുപേട്ടയില്‍ 29-ല്‍ 16 സീറ്റുകളില്‍ വിജയിച്ച് വിജയിച്ച യുഡിഎഫ് ഭരണം നിലര്‍ത്തി. എല്‍ഡിഎഫ് 10 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എസ്.ഡി.പി.ഐ മൂന്ന് സീറ്റില്‍ വിജയിച്ചു.

വൈക്കം നഗരസഭയില്‍ യുഡിഎഫ് 13 സീറ്റില്‍ ജയിച്ചപ്പോള്‍ ഒന്‍പത് സീറ്റാണ് എല്‍ഡിഎഫിന് നേടാനായത്. ബിജെപി മൂന്ന് സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലും ജയിച്ചു. ചങ്ങനാശ്ശേരി നഗരസഭയില്‍ 37 സീറ്റില്‍ 13 സീറ്റുകള്‍ നേടിയ യുഡിഎഫാണ് വലിയ കക്ഷി. ഇവിടെ എല്‍ഡിഎഫ് ഒന്‍പതും എന്‍ഡിഎ എട്ട് സീറ്റിലും വിജയിച്ചു. ഏഴ് സീറ്റുകളില്‍ വിജയിച്ച സ്വതന്ത്രര്‍ ഇവിടെ നിര്‍ണായകമാകും.

എല്ലാക്കാലത്തും യു.ഡി.എഫിന് ഒപ്പം നിന്ന ഇളകാത്ത കോട്ടയായിരുന്നു കോട്ടയം. അതിശക്തമായ ഇടതുകാറ്റ് ആഞ്ഞടിച്ച 2016-ല്‍ പ്പോലും യു.ഡി.എഫിനൊപ്പംനിന്ന ജില്ല. പക്ഷേ, 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സമവാക്യങ്ങള്‍ മാറിമറിഞ്ഞതോടെ കോട്ടയം ചുവന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം യു.ഡി.എഫില്‍നിന്ന് പുറത്തുപോകാനിടയാക്കിയത്. 40 വര്‍ഷക്കാലം യുഡിഎഫില്‍ അടിയുറച്ചുനിന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെയാണ് കോട്ടയം ഇടത്തോട്ട് ചാഞ്ഞത്.

കോട്ടയം ജില്ലയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ എല്‍.ഡി.എഫിന് കഴിഞ്ഞിരുന്നു. ജോസ് കെ.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള പിണക്കത്തില്‍ ഗുണമുണ്ടായതും എല്‍.ഡി.എഫിനാണ്.

കോട്ടയം ജില്ലാ പഞ്ചായത്തിലും ജയിച്ചുകയറാന്‍ ജോസ് വിഭാഗവുമായുള്ള സഖ്യത്തിലൂടെ എല്‍.ഡി.എഫിന് കഴിഞ്ഞു. അതിനാല്‍ തന്നെ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിനും പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനും ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ബലപീക്ഷണമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയശക്തി എത്രയെന്നു തെളിയിക്കാനുള്ള അവസരം.

എന്നാല്‍ ഇത്തണ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജോസ് കെ.മാണി ഒപ്പം നിന്നിട്ടും ജയിച്ചു കയറാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. മാത്രമല്ല, കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്ത പല പഞ്ചായത്തുകളും തിരിച്ചു പിടിക്കാനും യുഡിഎഫിന് സാധിച്ചു. ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായിരുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെയും കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ പാല നിയോജകമണ്ഡലത്തിലെയും പഞ്ചായത്തുകളില്‍ ശക്തി തെളിയിച്ച് യുഡിഎഫ്.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടില്‍ എട്ട് പഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നിലെത്തി. പാലാ നിയോജക മണ്ഡലത്തിന് കീഴിലെ 12 പഞ്ചായത്തുകളില്‍ പത്തിലും പാലാ നഗരസഭയിലും മുന്നിലെത്താനും യുഡിഎഫിന് സാധിച്ചു.