അധ്യക്ഷ പദവി രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം: വി.എം.സുധീരൻ

അധ്യക്ഷ പദവി രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം: വി.എം.സുധീരൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്ന് വി.എം.സുധീരൻ. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം സഹിക്കവയ്യാതെയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരൻറെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കെ.പി.സി.സി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോൾ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കന്മാർ അവരുടെ താത്പര്യക്കാരുടെ നിലനിൽപ്പ് മാത്രം ലക്ഷ്യംവച്ച് പ്രവർത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നത്. എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താൻ. തൃശൂർ പോലുള്ള ജില്ലകളിൽ താഴെ തട്ടിൽ മികച്ച രീതിയിൽ ബൂത്ത് കമ്മിറ്റികൾ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജർമാർക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവർ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിച്ചതെന്നും സുധീരൻ കുറ്റപ്പെടുത്തി. ഗ്രൂപ്പിന്റെ അതിപ്രസരമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തോൽവി സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ താൻ പുതിയ നിർദ്ദേശങ്ങൾ വച്ചിരുന്നു. നാല് തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകട്ടെ എന്ന് താൻ അഭിപ്രായപ്പെട്ടതാണ്. പക്ഷേ, ഗ്രൂപ്പ് നേതാക്കന്മാർ ഇക്കാര്യം അംഗീകരിക്കാൻ തയാറായില്ല. തന്റെ നിർദ്ദേശം നടപ്പാക്കിയിരുന്നെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധി ചെറുപ്പക്കാർക്ക് മത്സര രംഗത്തേക്ക് കടന്നുവരാൻ സാഹചര്യം ഒരുക്കാമായിരുന്നു. ഇതെല്ലാം ഗ്രൂപ്പ് നേതാക്കൾ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും സുധീരൻ ആരോപിച്ചു.