
കൊച്ചി : ഇൻസ്റ്റാഗ്രാമിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ലഹരി ഉപയോഗത്തിന് പ്രോത്സാഹിപ്പിച്ച തൃശൂർ സ്വദേശിയായ വ്ളോഗർ പിടിയിൽ. സാമൂഹിക മാധ്യമത്തിലെ ചാറ്റിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് പൊകയടിക്കാൻ ‘സാധനം ‘ കിട്ടുന്ന സ്ഥലങ്ങൾ നിർദ്ദേശിക്കുകയും ഒരുമിച്ച് ലഹരി വലിക്കാമെന്നും പറഞ്ഞ മട്ടാഞ്ചേരി സ്വദേശിയായ മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിനാണ് പിടിയിലായത്.
മാർട്ടിനെക്കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ പ്രദീപും പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുവുമായി ഇയാളെ പിടികൂടിയത്.
കുറഞ്ഞ അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെത്തിയിട്ടുള്ളത്. മാർട്ടിന് കഞ്ചാവ് ലഭിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും വിതരണം ചെയ്ത സ്ഥലങ്ങളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
കഞ്ചാവ് വലിക്കുന്ന വിധം വ്യക്തമാക്കുകയും ഒപ്പം ആസ്വദിച്ച് വലിക്കുകയും ചെയ്യുന്ന വീഡിയോ ചാറ്റും പുറത്തുവന്നിട്ടുണ്ട്. ഈ ചാറ്റിലും ഒരു യുവതിയെ കാണാം. ഇവർ ഏറെ ശ്രദ്ധയോടെ മാർട്ടിന്റെ ചലനങ്ങൾ വീക്ഷിക്കുന്നുണ്ട്. ഒടുവിൽ പല്ലു തേയ്ച്ചോ എന്ന് യുവതി ചോദിക്കുമ്പോൾ ഇല്ലന്ന് മാർട്ടിൻ മറുപടി നൽകുന്നുണ്ട്. ഈ സമയത്ത് ലഹരി തലയ്ക്ക് പിടിച്ച രീതിയിലുള്ള ഇയാളുടെ ഭാവപ്രകടനവും വീഡിയോയിൽ കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം പുറത്തുവന്ന വീഡിയോയിൽ പ്ലസ്ടു വിദ്യാർത്ഥിനിയോട് കഞ്ചാവ് ലഭിക്കാൻ ഫോർട്ട് കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകാൻ വ്ളോഗർ നിർദ്ദേശിക്കുന്നുണ്ട്. പ്ലസ്ടു വിദ്യാർത്ഥിനിയോട് കഞ്ചാവ് വലിക്കുന്നതിന്റെ ഗുണത്തെപറ്റിയും കഞ്ചാവ് ലഭിക്കുന്ന സ്ഥലങ്ങളെ പറ്റിയുമാണ് വിശദമായി പറഞ്ഞു കൊടുക്കുന്നത്.
വ്ളോഗറുടെ ഇൻസ്റ്റാ ഗ്രാം പേജിലെ ലൈവിലാണ് സംഭാഷണം നടന്നിരിക്കുന്നത്. ഇത് ആരോ റെക്കോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.



