
സ്വന്തം ലേഖകൻ
കോട്ടയം:നാട്ടിൻപുറത്തിന്റെ നന്മകൾ നിറഞ്ഞ കഥകൾകൊണ്ട് മലയാള സിനിമ രംഗത്ത് അന്നും ഇന്നും ഒട്ടേറെ പ്രേക്ഷകരെ സമ്പാദിച്ച സംവിധായകനാണ്സത്യൻ അന്തിക്കാട് .മലയാളസാഹിത്യത്തിൽ ഹാസ്യത്തിന് പുതിയ മാനം നൽകി ചിരിയുടെ വെടിക്കെട്ട് തീർത്ത എഴുത്തുകാരനാണ് വി.കെ.എൻ.
മലയാളസാഹിത്യരംഗത്ത് പത്തും പതിനഞ്ചും ഇരുപതും നോവലുകൾ വരെ ചലച്ചിത്രമാക്കിയ എഴുത്തുകാരുണ്ട്.
എന്നാൽ സാഹിത്യരംഗത്ത് നിറഞ്ഞു നിൽക്കുകയും
വെറും ഒരു ചെറുകഥ മാത്രം ചലച്ചിത്രമാക്കപ്പെടുകയും ചെയ്ത ഒരേയൊരു എഴുത്തുകാരനേ മലയാളസാഹിത്യരംഗത്തുള്ളൂ ! വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ എന്ന സാക്ഷാൽ വി.കെ.എൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വി കെ എന്നിന്റെ ” പ്രേമവും വിവാഹവും “എന്ന ചെറുകഥ “അപ്പുണ്ണി ” എന്ന പേരിൽസത്യൻ അന്തിക്കാട് ചലച്ചിത്രമാക്കി.
ഭാസിയും ബഹദൂറും മാളയും കുതിരവട്ടം പപ്പുവുമെല്ലാം കൈകാര്യം ചെയ്തിരുന്ന അടുക്കള ഹാസ്യരംഗങ്ങൾ കണ്ടു മടുത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്ക്
വി കെ എന്നും സത്യൻ അന്തിക്കാടും കാഴ്ചവെച്ചത് നിലവാരമുള്ള ഹാസ്യത്തിന്റെ ഒരു പുതിയ രസക്കൂട്ടായിരുന്നു. ഓർത്തോർത്ത് ചിരിക്കാൻ വക നൽകിയ മോഹൻലാലിന്റെ മേനോൻ മാഷും നെടുമുടി വേണുവിന്റെ അപ്പുണ്ണിയും
ഭരത് ഗോപിയുടെ അയ്യപ്പൻ നായരും പോലെയുള്ള കഥാപാത്രങ്ങളെ പിന്നീട് മലയാള സിനിമയിൽ അധികമൊന്നും കണ്ടിട്ടില്ല എന്നുള്ളതിൽ നിന്നു തന്നെ
വി കെ എന്നിന്റെ നിരീക്ഷണ പാടവം വ്യക്തമാകുന്നുണ്ട്.
അപ്പുണ്ണിയിൽ ആകെ രണ്ടു ഗാനങ്ങളെ ഉണ്ടായിരുന്നുള്ളൂ.
ബിച്ചു തിരുമല എഴുതി കണ്ണൂർ രാജൻ സംഗീതം പകർന്ന
“തൂമഞ്ഞിൻതുള്ളി
തൂവൽ തേടും മിന്നാമിന്നി ……”
എന്ന ഗാനം യേശുദാസും
“കിന്നാരം തരിവളയുടെ ചിരിയായ് …..”
എന്ന ഗാനം വാണി ജയറാമുമാണ് പാടിയത്…
2004 ജനുവരി 25-ന് അന്തരിച്ച
വി കെ എന്നിന്റെ ഈ
ഓർമ്മദിനത്തിൽ ഒരു മിന്നാമിന്നിയുടെ നുറുങ്ങുവെട്ടം പോലെ മോഹൻലാലും മേനകയും
മാഷും കുട്ടിയുമായി അഭിനയിക്കുന്ന
“തൂ മഞ്ഞിൻതുള്ളി
തൂവൽ തേടും മിന്നാമിന്നി ….”
എന്ന മനോഹര
ഗാനമാണ് ഓർമ്മയിൽ ഓടിയെത്തുന്നത്.