
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് തുറന്നു പറഞ്ഞ് പിണറായി സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാൻ ശക്തമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയായിരുന്നു
ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ, തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുറമുഖം ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വിഴിഞ്ഞം തുറമുഖം എന്ന ആശയം കൊണ്ടുവന്നത് സിപിഎം നേതാവായിരുന്ന ഇ കെ നായനാർ മുഖ്യമന്ത്രിയായിരുപ്പോഴാണ് എന്ന വാദമാണ് ഇടതു നേതാക്കള്‍ ഉയർത്തുന്നത്.
ഇതിനിടെയാണ് മുൻ കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ വി തോമസ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാകാൻ ഉമ്മൻചാണ്ടി എടുത്ത ശക്തമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരിക്കെ 2015ലെ ഡല്‍ഹി യാത്രയില്‍ വിഴിഞ്ഞം നിർമാണം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതി നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോടുള്ള എതിർപ്പ് പരിഹരിക്കണമെന്നും മറുപടി നല്‍കി.
അദാനിയെ ബന്ധപ്പെട്ടപ്പോള്‍ കേരളത്തിലെ ട്രേഡ് യൂണിയൻ പ്രശ്നങ്ങളും 2000 ഏക്കർ സൗജന്യമായി തരാമെന്ന തമിഴ്നാടിന്റെ വാഗ്ദാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയെ കാണാൻ സമ്മതം അറിയിച്ചു. ഡല്‍ഹിയിലെ തന്റെ വസതിയില്‍ പ്രഭാതഭക്ഷണത്തിന് എത്തിയ ഇരുകൂട്ടരും ചർച്ച നടത്തി. തുടർന്ന് ഉമ്മൻ ചാണ്ടിയും അദാനിയും മാത്രമായി സംസാരിച്ചു.
താൻ കേരളത്തിലേക്ക് വരുമെന്ന് അദാനി അതിനു ശേഷം പറഞ്ഞു. പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് സോണിയ ഗാന്ധിയെ ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. അദാനിക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയെങ്കിലും ഉമ്മൻ ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടർന്നുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചും സമചിത്തതയോടെയും മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം യാഥാർഥ്യമാക്കി – തോമസ് പറഞ്ഞു.
അതേസമയം, അദാനിയുടെ സാമ്പത്തിക സഹായ വാഗ്ദാനം ഉമ്മൻ ചാണ്ടി നിരസിച്ചെന്നും കെ വി തോമസ് വെളിപ്പെടുത്തി. വിഴിഞ്ഞം കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സാമ്പത്തികമായി സഹായിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു എന്നാണ് കെ വി തോമസ് പറഞ്ഞത്. എന്നാല്‍, അദാനി നല്‍കിയ വാഗ്ദാനം ഉമ്മൻ ചാണ്ടി നിരസിച്ചെന്ന് കെ.വി.തോമസ് വെളിപ്പെടുത്തി.