
വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 77.17 ഹെക്ടർ സ്ഥലം കടൽ നികത്തിയെടുക്കും; യാർഡ് നിർമാണത്തിനായി കടൽ നികത്തുന്നതിനുള്ള മണൽ കണ്ടെത്തുക ഡ്രഡ്ജിങിലൂടെ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 77.17 ഹെക്ടർ സ്ഥലം, കടൽ നികത്തിയായിരിക്കും കണ്ടെത്തുക. നേരത്തെ ഒന്നാംഘട്ടത്തിൽ തുറമുഖത്തിനായി 63 ഹെക്ടർ ഭൂമി കടൽ നികത്തിയെടുത്തിരുന്നു.
നിലവിൽ തുറമുഖത്തിന്റെ യാർഡ് നിലനിൽക്കുന്നത് ആദ്യഘട്ടത്തിൽ നികത്തിയെടുത്ത ഭൂമിയിലാണ്. ഇതോടെ രണ്ടും മൂന്നും ഘട്ടത്തിൽ തുറമുഖ വികസനത്തിനായി സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതില്ല. ഡ്രഡ്ജ് ചെയ്തായിരിക്കും കടൽ നികത്തുന്നതിനുള്ള മണൽ കണ്ടെത്തുക. പദ്ധതിപ്രദേശത്തുതന്നെ ഡ്രെജ്ജിങ് നടത്തി കടൽപ്രദേശം കരയാക്കിമാറ്റും.
യാർഡ് നിർമാണത്തിനാണ് കടൽ നികത്തി സ്ഥലം കണ്ടെത്തുക. അടുത്തഘട്ടത്തിൽ നിലവിലുള്ളതിന്റെ മൂന്നിരട്ടിയിലധികം സംഭരണശേഷിയാണ് തുറമുഖം ലക്ഷ്യമിടുന്നത്. നിലവിൽ ഡ്രഡ്ജ് ചെയ്യേണ്ട ഭാഗത്ത് കണ്ടൽക്കാടുകൾ ഇല്ലാത്തതിനാൽ പാരിസ്ഥിതികപ്രശ്‌നങ്ങൾക്കു സാധ്യതയില്ലെന്ന് പാരിസ്ഥിതിക അനുമതി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ കണ്ടെയ്‌നർ ടെർമിനൽ 800 മീറ്റർ എന്നത് അടുത്തഘട്ടത്തിൽ 2000 മീറ്റർ എന്നനിലയിൽ വികസിപ്പിക്കും. 1200 മീറ്റർകൂടി അടുത്തഘട്ടത്തിൽ വികസിപ്പിക്കുമ്പോൾ ലോകത്തെ നീളംകൂടിയ വിഭാഗത്തിലുള്ള അഞ്ച് കപ്പലുകൾക്ക് ഒരേസമയം വിഴിഞ്ഞത്ത് ബെർത്ത് ചെയ്യാനാകും.
കൂടാതെ നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയ്ക്കുംകൂടി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും അടുത്തഘട്ടത്തിലെ ബെർത്ത് നിർമാണം. നിലവിൽ മൂന്ന് കിലോമീറ്റർ നീളത്തിലാണ് ബ്രേക്ക്‌വാട്ടർ. ഇത് നാലു കിലോമീറ്ററായി ഉയർത്തും. തുറമുഖത്തിന്റെ കണ്ടെയ്‌നർ ശേഷി ഉയർത്തുകയാണ് അടുത്തഘട്ടത്തിൽ പ്രധാനം.
നിലവിൽ 10 ലക്ഷം ടിഇയു(ഒരു ടിഇയു- 20 അടി നീളമുള്ള കണ്ടെയ്‌നർ) ആണ്. ഇത് 44.5 ലക്ഷം ടിഇയു ആയാണ് ഉയർത്തുന്നത്. രണ്ടും മൂന്നും ഘട്ടം പ്രവർത്തനസജ്ജമാകുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും 2700 പേർക്ക് ജോലി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
കേരളത്തിന്റെ കയറ്റുമതി-ഇറക്കുമതി മേഖലയിൽ വലിയ കുതിപ്പ് ഈ രണ്ടുഘട്ടം പൂർത്തിയാകുമ്പോൾ ഉണ്ടാകുമെന്ന്, പാരിസ്ഥിതിക അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. തുറമുഖത്തോടനുബന്ധിച്ചുള്ള ക്രൂയിസ് ടെർമിനൽകൂടി പ്രവർത്തനസജ്ജമാകുമ്പോൾ വിനോദസഞ്ചാരമേഖലയിലും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ.
2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖം നിർമാണം ആരംഭിച്ചത്. നാലുവർഷത്തിനുള്ളിൽ(1460 ദിവസം) നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ. എന്നാൽ, പലകാരണങ്ങളാൽ നിർമാണം നീണ്ടുപോവുകയായിരുന്നു.