
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും കടലിൽ പോയ തൊഴിലാളി മത്സ്യബന്ധനത്തിനിടെ വെള്ളത്തിൽ വീണ് മരിച്ചു. പൂന്തുറ പള്ളിവിളാകം പുരയിടത്തിൽ എ. സെൽവൻ(52) ആണ് മരിച്ചത്. രണ്ട് വള്ളങ്ങളിലായി പോയ തൊഴിലാളികൾ ശംഖുമുഖം ഭാഗത്ത് നിന്നും രണ്ട് കിലോമീറ്ററോളം ദൂരത്തിലായി മത്സ്യബന്ധനം നടത്തുകയായിരുന്നു. കനത്ത തിരമാലയുണ്ടായിരുന്നെന്നതിനാൽ വള്ളം ആടിയുലയുകയായിരുന്നു.
കടലിൽ വല വീശുന്ന സമയം ഇവയിൽ ഒരു വള്ളത്തിലുണ്ടായിരുന്ന സെൽവൻ കടലിലേയ്ക്ക് വീണു. ഒപ്പമുണ്ടായിരുന്നവർ ചാടി ഇയാളെ വള്ളത്തിൽ കയറ്റി ഉടനെ കരയിൽ എത്തിച്ച് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മേരിക്കുട്ടി. മക്കൾ: സ്നേഹ, ശ്രദ്ധ. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.