മദ്യപാനത്തിനിടെ സുഹൃത്തിന്റെ അടിയേറ്റ് പരിക്ക്; ചികിത്സ തേടിയില്ല; അവശനായതോടെ ആശുപത്രിയിലാക്കി; വിഴിഞ്ഞത്ത് മധ്യവയസ്കന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാൾ മരിച്ചു. ചൊവ്വര അമ്പലത്തുംമൂല ഷൈനി ഹൗസിൽ തീർഥപ്പൻ(57) ആണ് മരിച്ചത്. ജൂലൈ 28ന് രാത്രി അടിമലത്തുറ ഒന്നാം കുരിശടിക്ക് സമീപമായിരുന്നു സംഭവം. മദ്യപാനത്തിനിടയുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റപ്പോഴുണ്ടായ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

video
play-sharp-fill

സുഹൃത്ത് അലോഷ്യസിനൊപ്പം തീർത്ഥപ്പൻ മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. അലോഷ്യസിൻ്റെ അടിയേറ്റ് തീർത്ഥപ്പൻ തറയിൽ തലയടിച്ച് വീണു എന്നാണ് പൊലീസിന് ലഭിച്ച വിവരം. പരിക്കേറ്റെങ്കിലും തീർത്ഥപ്പൻ ചികിത്സ തേടിയിരുന്നില്ല.

ജൂലൈ 29 ന് വൈകിട്ടായപ്പോഴേക്കും തീർത്ഥപ്പൻ്റെ ആരോഗ്യനില വഷളായി. അവശനായ തീർത്ഥപ്പനെ പിന്നീട് ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് തീർത്ഥപ്പൻ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പക്ഷെ അലോഷ്യസിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം ആരംഭിച്ചെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. തീർത്ഥപ്പൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.