90 പൈസ വിലയുള്ള ഒരു ബീഡിക്ക് ഈടാക്കിയത് 10 രൂപ; ഒരു കെട്ടിന് 2500 രൂപ നിരക്കിൽ വിൽപ്പന; പണം ഓഫീസറുടെ ഭാര്യയ്ക്ക് ഗൂഗിള്‍ പേ വഴി നല്‍കുമെന്ന് തടവുകാരന്റെ മൊഴി; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കിടയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ ബീഡിക്കച്ചവടം നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു; തടവുകാരെ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാൻ നീക്കം

Spread the love

സ്വന്തം ലേഖിക

വിയ്യൂർ: വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാര്‍ക്കിടയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറുടെ ബീഡിക്കച്ചവടത്തിൽ സാക്ഷിമൊഴി സഹിതം റിപ്പോര്‍ട്ട് ലഭിച്ചതോടെ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഫിസറുടെ ഭാര്യയ്ക്ക് ബീഡിയുടെ പണം ഗൂഗിള്‍ പേ വഴി നല്‍കാറുണ്ടെന്നാണ് തടവുകാരന്റെ മൊഴി.
മാവേലിക്കര സബ്ജയിലില്‍ ലഹരി വില്പന നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറി എത്തിയ ഉദ്യോഗസ്ഥനാണ് വിയ്യൂര്‍ ജയിലിലും ബീഡിക്കച്ചവടം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയില്‍ സൂപ്രണ്ട് ജയില്‍വകുപ്പ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുക്കളയ്ക്കു പിന്നില്‍ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യില്‍നിന്ന് 12 പാക്കറ്റ് ബീഡി പിടികൂടിയിരുന്നു. വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

90 പൈസ വിലയുള്ള ഒരു ബീഡിക്ക് 10 രൂപയോളമാണ് അസി.പ്രിസണ്‍ ഓഫിസര്‍ ഈടാക്കിയത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു കെട്ട്. ഒരു കെട്ടിന് 2500 രൂപയാണ് ഉദ്യോഗസ്ഥന്റെ നിരക്ക്.

ജയിലിന് പിന്നിലെ റോഡില്‍ നിന്ന് അടുക്കള ഭാഗത്തേക്ക് ബീഡിക്കെട്ട് എറിഞ്ഞ് നല്‍കുന്നതാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ രീതി. ജയില്‍ കോമ്പൗണ്ടില്‍ ഈ ബീഡിക്കെട്ടുകള്‍ ശേഖരിക്കുന്ന തടവുകാര്‍ അത് 3000 രൂപയ്ക്ക് മറച്ചു വില്‍ക്കും. കമ്മീഷൻ കഴിഞ്ഞുള്ള തുക പണമായും ഗൂഗിള്‍ പേ വഴിയും ആണ് ഉദ്യോഗസ്ഥന് നല്‍കിയിരുന്നത്.

അസി. പ്രിസണ്‍ ഓഫിസറുടെ ഭാര്യയ്ക്കു ഗൂഗിള്‍ പേ വഴി ബീഡിയുടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് തടവുകാരൻ മൊഴി നല്‍കി. മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും നിരന്തരമായി ജയിലിനുള്ളിലേക്കു പ്രവഹിക്കുന്നതിനു പിന്നില്‍ ജീവനക്കാരില്‍ ചിലര്‍ക്കു പങ്കുണ്ടെന്നു നേരത്തേതന്നെ വിവരമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കോടതി അനുമതിയോടെ തടവുകാരെ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തുടര്‍ന്നാകും കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.