
അമഠി: വിവാഹത്തിന് മൂന്നു ദിവസം മുൻപ് മുങ്ങിയ വരനെ പിന്നീട് പിടികൂടി ബന്ദിയാക്കി വധുവിന്റെ കുടുംബം. വിവാഹ ഒരുക്കങ്ങള്‍ക്ക് ചെലവായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വരനെ ബന്ദിയാക്കിവച്ചത്.
വരന് മറ്റൊരു യുവതിയുമായി ബന്ധമുള്ളതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നും വധുവിന്റെ കുടുംബം ആരോപിച്ച. യുപിയിലെ അമേഠിയിലാണ് സംഭവം.
അയോധ്യ സ്വദേശിയായ വരൻ സോഹൻലാല്‍ യാദവിനെ വിവാഹത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ കാണാതാവുകയായിരുന്നു. വീട്ടുകാർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സോഹൻലാലിന്റെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ഈ സംഭവമൊന്നും വധുവിന്റെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. വിവാഹദിവസം രാത്രി അതിഥികള്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. പക്ഷേ വരൻ എത്താതെയായതോടെ വധുവിന്റെ കുടുംബം പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് വരനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിനൊടുവില്‍ വരനെ പൊലീസ് കണ്ടെത്തി. വിവാഹത്തിന് സമ്മതമാണെന്ന് വരൻ പൊലീസ് സ്റ്റേഷനില്‍വച്ച് സമ്മതിച്ചു. വിവാഹവേഷം അണിഞ്ഞ് വരൻ അലങ്കരിച്ച കാറില്‍ എത്തിയപ്പോഴേക്കും വിവാഹ ചെറുക്കന് മറ്റൊരു ബന്ധമുള്ള കാര്യം വധുവിന്റെ വീട്ടുകാർ അറിഞ്ഞത്. ഭക്ഷണം നല്കി വരനെ സ്വീകരിച്ച വധുവിന്റെ വീട്ടുകാർ വിവാഹത്തില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് അറിയിച്ചു. മാത്രമല്ല, വിവാഹ ഒരുക്കത്തിന് ചെലവായ തുക മടക്കി നല്‍കണമെന്നും വധുവിന്റെ വീട്ടുകാർ സോഹൻലാലിനോട് ആവശ്യപ്പെട്ടു. പിന്നാലെ അലങ്കരിച്ച കാറില്‍ തന്നെ തടവിലാക്കുകയുമായിരുന്നു.
എന്നാല്‍ വിവാഹദിവസം മാറി നിന്നിട്ടില്ലെന്നും ലക്നൗവിലായിരുന്നുവെന്നും ഫോണ്‍ ഓഫായതിനാലാണ് കിട്ടാത്തതെന്നുമാണ് സോഹൻലാല്‍ പറയുന്നത്. ഫോണ്‍ ഓണായതിന് പിന്നാലെ പൊലീസ് വിളിച്ച് എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. വിവാഹത്തിന് താൻ തയാറാണെന്നും എന്നാല്‍ വധുവിന്റെ വീട്ടുകാർ പിന്മാറുകയായിരുന്നുവെന്നും സോഹൻലാല്‍ പറയുന്നു.
‘വിവാഹം നിശ്ചയിച്ചത് പത്ത് മാസം മുൻപായിരുന്നു. തിലക് ചടങ്ങിനുശേഷം മൂന്നുദിവസം കഴിഞ്ഞതോടെ വരൻ വിവാഹത്തിന് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ മകളെ വിവാഹം കഴിക്കണമെങ്കില്‍ കാര്‍ വേണമെന്ന് പറഞ്ഞു. ഈ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചു. പിന്നീട് കാർ വേണ്ട, പണം മതിയെന്ന് വരൻ മാറ്റിപ്പറഞ്ഞു. അതും ഞങ്ങള്‍ സമ്മതിച്ചു. വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി. ഈ വാക്കില്‍ വിശ്വസിച്ച് വിവാഹ ഒരുക്കങ്ങളുമായി ഞങ്ങള്‍ മുന്നോട്ടുപോയി’- വധുവിന്റെ പിതാവ് ലാല്‍ ബഹാദൂർ യാദവ് പറഞ്ഞു.
‘വിവാഹദിവസം രാത്രി അതിഥികള്‍ എത്തി മടങ്ങിത്തുടങ്ങിയപ്പോഴും വരൻ എത്തിയില്ല. ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനിടെ വരന്റെ പ്രദേശത്ത് താമസിക്കുന്ന എന്റെ ഭാര്യാ സഹോദരൻ എന്നെ വിളിച്ചു പൊലീസ് സ്റ്റേഷനില്‍ വരാൻ ആവശ്യപ്പെട്ടു. ഞങ്ങള്‍ എത്തിയപ്പോള്‍ വരൻ സ്റ്റേഷനിലുണ്ട്’ – പിതാവ് പറയുന്നു.
സ്ത്രീധന പീഡനകേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതോടെയാണ് വിവാഹത്തിന് വരൻ തയാറായതെന്നും ലാല്‍ ബഹാദൂർ യാദവ് പറയുന്നു. ”സമ്മർദത്തിന് വഴങ്ങിയാണ് വരൻ വിവാഹത്തിന് സമ്മതം മൂളിയത്. ഇവിടെ എത്തിയപ്പോള്‍ വരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച നാട്ടുകാരെ ഞാൻ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ ഭക്ഷണം നല്കി. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിനാലാണ് വിവാഹത്തിന് മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ അയാള്‍ മുങ്ങിയത്. അങ്ങനെ ഒരു ബന്ധമുണ്ടായിരുന്നെങ്കില്‍ നേരത്തെ ഞങ്ങളോട് പറയേണ്ടതല്ലേ.
എങ്കില്‍ ഇത്രയും ഒരുക്കങ്ങള്‍ നടത്തേണ്ടിവരുമായിരുന്നില്ല. ഞങ്ങള്‍ക്ക് ചെലവായ തുക തന്നിട്ട് വരന് ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. ഇനി ഈ ബന്ധവുമായി മുന്നോട്ടുപോകാൻ ഞങ്ങള്‍ തയാറല്ല. വിവാഹത്തിന് മുൻപേ ഞങ്ങളെ വഞ്ചിച്ചു. വിവാഹത്തിനുശേഷം എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ’- വധുവിന്റെ പിതാവ് പറയുന്നു.
ഒത്തുതീർപ്പിന് പൊലീസ് ശ്രമിച്ചെങ്കിലും വധുവിന്റെ വീട്ടുകാർ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു



