കേന്ദ്രത്തിന്റെ വിവാദമായ വിത്തുബിൽ പ്രത്യേകമായി പഠിക്കാൻ കേരളം: ആറംഗ സംഘത്തെ നിയമിച്ച് കൃഷിവകുപ്പ്

Spread the love

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിവാദമായ വിത്തുബിൽ പ്രത്യേകമായി പഠിക്കാൻ കേരളം. ഇതിനായി വിവിധ വകുപ്പുകളിൽനിന്നുള്ള ആറംഗ ഉദ്യോഗസ്ഥസംഘത്തെ കൃഷിവകുപ്പ് നിയോഗിച്ചു.

video
play-sharp-fill

2004-ലും 2019-ലും യുപിഎ, എൻഡിഎ സർക്കാരുകൾ വിത്തുബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കർഷകരുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കേണ്ടിവന്നു. 1966-ലെ വിത്ത് ആക്ടിനും 1983-ലെ വിത്ത് നിയന്ത്രണ നിയമത്തിനും പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. വിത്ത് ഇറക്കുമതി നിയന്ത്രണങ്ങൾ ഇളവുചെയ്യുന്നതോടെ ആഗോളനിലവാരത്തിലുള്ള വിത്തും നടീൽവസ്തുക്കളും രാജ്യത്തെത്തിച്ച് കൃഷി ആദായകരമാക്കാനും കർഷകരെ കടക്കെണിയിൽനിന്ന് കരകയറ്റാനുമാവുമെന്നാണ് കേന്ദ്രവാദം.

കൃഷി പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായാണ് സമിതി രൂപവത്കരിച്ചത്. കൃഷി ഡയറക്ടറാണ് കൺവീനർ. കൃഷി അഡീഷണൽ ഡയറക്ടർ, നിയമ, ധന വകുപ്പുകളുടെയും കാർഷിക സർവകലാശാലയുടെയും പ്രതിനിധികൾ എന്നിവരും സമിതിയിലുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിത്തുത്പാദനരംഗത്തെ കോർപ്പറേറ്റുകളെയും ബഹുരാഷ്ട്രക്കമ്പനികളെയും സഹായിക്കുന്നതാണ് നിയമമെന്നായിരുന്നു കർഷകരുടെ ആരോപണം.ഇത്തവണ വീണ്ടും ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ബില്ലിന്റെ കരട് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചു. ഡിസംബർ 11-നകം സംസ്ഥാനങ്ങൾ അഭിപ്രായം അറിയിക്കണം.

മികച്ച വിളവിനൊപ്പം രോഗപ്രതിരോധശേഷിയും കാലാവസ്ഥാപ്രശ്നങ്ങളെ അതിജീവിക്കുന്നതുമായ വിത്ത് ഇറക്കുമതിക്കൊപ്പം തനതായ നാടൻ വിത്തിനങ്ങൾ സംരക്ഷിക്കാനും നിയമം ഉപകരിക്കുമെന്നും പറയുന്നു. വ്യവസായ പ്രോത്സാഹനത്തിനാവശ്യമായ ഇളവുകളും നൽകിയിട്ടുണ്ട്.