play-sharp-fill
ഗൾഫുകാരൻറെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചത്; ഭിത്തിയിൽ ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ചു; വിസ്മയയെ കിരൺ കുമാർ നിരന്തരം മർദ്ദിച്ചത് കൂടുതൽ പണം ആവശ്യപ്പെട്ട്; വിസ്മയ നേരിട്ടത് കൊടിയ മർദ്ദനമെന്ന് സാക്ഷിമൊഴി

ഗൾഫുകാരൻറെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചത്; ഭിത്തിയിൽ ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ചു; വിസ്മയയെ കിരൺ കുമാർ നിരന്തരം മർദ്ദിച്ചത് കൂടുതൽ പണം ആവശ്യപ്പെട്ട്; വിസ്മയ നേരിട്ടത് കൊടിയ മർദ്ദനമെന്ന് സാക്ഷിമൊഴി

സ്വന്തം ലേഖകൻ

കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയെ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നെന്ന് സാക്ഷിമൊഴി. വിചാരണയ്ക്കിടെ വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടർ രേവതിയാണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.


ഗൾഫുകാരൻറെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ തന്നോട് പറഞ്ഞിരുന്നെന്നും യുവതി കോടതിയിൽ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നെന്ന് വിസ്മയ പറയുന്ന വാട്സാപ് സന്ദേശങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരൺകുമാർ സ്ത്രീധനത്തിനു വേണ്ടിയാണ് വിസ്മയയെ മർദ്ദിച്ചത് എന്ന സൂചനയാണ് വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടർ രേവതി കോടതിയിൽ നൽകിയ മൊഴിയിൽ ഉള്ളത്. ഗൾഫുകാരന്റെ മകളായതു കൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് തന്നെ വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ സഹോദര ഭാര്യയെ അറിയിച്ചിരുന്നു.

കിരൺ തുടർച്ചയായി മർദ്ദിച്ച കാര്യം വെളിപ്പെടുത്തി വിസ്മയ അയച്ച വാട്സാപ്പ് സന്ദേശങ്ങളും കോടതിക്കു മുന്നിൽ ഡോക്ടർ രേവതി തിരിച്ചറിഞ്ഞു. കിരൺ ഭിത്തിയിൽ ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നെന്നും ഡോ രേവതി കോടതിയിൽ പറഞ്ഞു. അവസാന നാളുകളിൽ താനുമായി ആശയവിനിമയം നടത്താതിരിക്കാൻ വിസ്മയയുടെ ഫോണിൽ കിരൺ തന്റെ നമ്പർ ബ്ലോക്കു ചെയ്തിരുന്നുവെന്നും ഡോക്ടർ രേവതി കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്.

ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോ‍ർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.