ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണം; പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’; കിരണിന്റെ സംഭാഷണം കോടതിയില്‍; വിചാരണ തുടരുന്നു

ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണം; പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’; കിരണിന്റെ സംഭാഷണം കോടതിയില്‍; വിചാരണ തുടരുന്നു

സ്വന്തം ലേഖകൻ

കൊല്ലം : സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെടാത്തതിന്റെയും സ്വർണം കുറഞ്ഞുപോയതിന്റെയും പേരിൽ വിസ്മയയെ ഭർത്താവ് കിരൺ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. വിസ്മയ ഭർത്തൃഗൃഹത്തിൽ മരിച്ച കേസിലെ വിചാരണയിൽ മൊഴിനൽകുകയായിരുന്നു ഒന്നാം സാക്ഷിയായ പിതാവ്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത് മുൻപാകെയാണ് വിചാരണ.

വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു സമ്മതിച്ചു. കോവിഡ് സാഹചര്യം കാരണം 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാർ ഇഷ്ടപ്പെട്ടില്ല. മകളോട് പറഞ്ഞതോടെ വിവാഹദിവസം വേറെ കാർ വാങ്ങിനൽകാമെന്നു പറഞ്ഞു. ലോക്കറിൽ വെക്കാൻ സ്വർണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസ്സിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു. ഇതിന്റെപേരിൽ വിസ്മയയെ ഉപദ്രവിച്ചു.

പിന്നീട് യാത്രയ്ക്കിടെ ചിറ്റുമലയിൽവെച്ച് വിസ്മയയെ മർദിച്ചു. കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിനു പോയിവന്നശേഷം സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് മകളെ കാറിൽ പിടിച്ചുകയറ്റി വീട്ടിൽ കൊണ്ടുവന്ന് ഉപദ്രവിച്ചു. ഇതിനിടയിൽ മകൻ വിജിത്തിനും മർദനത്തിൽ പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം തിരികെവന്നപ്പോൾ കിരണിന്റെ അച്ഛനും ബന്ധുവും രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാലാണ് കേസിൽനിന്ന് പിന്മാറിയത്.

ജനുവരി 11-ന് മകൻ വിജിത്തിന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്നു മനസ്സിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ വന്നില്ല.

വിവാഹശേഷം മരുമകളോട് എല്ലാവിവരങ്ങളും മകൾ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായസംഘടനയുമായി ബന്ധപ്പെട്ടിരുന്നു. മാർച്ച് 25-ന് ചർച്ചനടത്താനിരിക്കെ 17-ന് എത്തിയ കിരൺ മകളെ കൂട്ടിക്കൊണ്ടുപോയി.

കേസ് ഒഴിവാക്കാനായിരുന്നു ഇത്. അതിനുശേഷം തന്റെയും മകന്റെയും ഫോൺ നമ്പറും ഫെയ്സ്ബുക്കും എല്ലാം കിരൺ ബ്ലോക്ക് ചെയ്തെന്നും മൊഴിനൽകി.

ജൂൺ 21-ന് കിരണിന്റെ അച്ഛൻ, വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ മരണവിവരം അറിഞ്ഞെന്നും ത്രിവിക്രമൻ നായർ മൊഴിനൽകി. കിരൺ, ത്രിവിക്രമൻ നായരുമായി നടത്തിയ സംഭാഷണം കിരണിന്റെ ഫോണിൽനിന്ന് ലഭിച്ചത് സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, നീരാവിൽ അനിൽകുമാർ, ബി.അഖിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി സി.പ്രതാപചന്ദ്രൻ പിള്ളയും ഹാജരായി.

എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിർത്തിയാൽ എന്നെ കാണത്തില്ല.-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോൺ സംഭാഷണം കോടതിയിൽ വിചാരണവേളയിൽ കേൾപ്പിച്ചു.

തനിക്ക് സ്വന്തം വീട്ടിലേക്ക് വരണമെന്നും അച്ഛനെ കാണണമെന്നുമാണ് വിസ്മയ പറയുന്നത്. വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. ഇവിടെ നിർത്തിയിട്ടു പോകുകയാണെങ്കിൽ എന്നെ കാണത്തില്ല. ഞാൻ എന്തെങ്കിലും ചെയ്യും എന്നും പറയുന്നുണ്ട്. കിരണിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണമാണ് കോടതിയിൽ കേൾപ്പിച്ചത്. സൈബർ പരിശോധനയിലാണ് ഇത് വീണ്ടെടുത്തത്.

കാർ രജിസ്റ്റർ ചെയ്യാൻനേരം ബാങ്ക് വായ്പ ഉണ്ടെന്ന് അറിഞ്ഞതും സ്വർണം ലോക്കറിൽവെക്കാൻ പോയപ്പോൾ തൂക്കം കുറവാണെന്ന് അറിഞ്ഞതും ത്രിവിക്രമൻ നായരോട് കിരൺ പരാതിയായി പറയുന്നുണ്ട്.

ഇക്കാര്യങ്ങൾ നേരത്തേ മകൾ പറഞ്ഞിട്ടുണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്ന് പിതാവ് മറുപടിപറയുന്നു. അവനോട് ഇതൊക്കെ മറച്ചുവെച്ചതെന്തിനെന്ന് മകളോട് ചോദിക്കുന്നുമുണ്ട്.

കാറിൽനിന്ന് വിസ്മയ ഇറങ്ങിയോടിയതായും ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയിൽ കയറാൻ പറയണമെന്നും കിരൺ പറയുന്നത് മറ്റൊരു സംഭാഷണത്തിലുണ്ട്.

അവളെ വേണ്ടെങ്കിൽ കൊണ്ടാക്കാൻ ത്രിവിക്രമൻ നായർ മറുപടി പറയുന്നു. വീട്ടിൽവന്ന് ഇവളെയും കാറും സ്വർണവും കൊണ്ടുപോകാൻ കിരൺ പറയുന്നതാണ് മറ്റൊരു സംഭാഷണം.