play-sharp-fill
വിസ്മയയുടെ മരണം: കിരണിനെ അകത്ത് കിടത്തി വിചാരണ നടത്താനൊരുങ്ങി പോലീസ്. 90 ദിവസത്തിനകം കുറ്റപത്രം നൽകും. കുറ്റപത്രത്തിൽ ഗാർഹിക പീഡനം കൂടി ഉൾപ്പെടുത്തി. കിരണിന്റെ ബന്ധുക്കളെ ഉടൻ പ്രതി ചേർക്കില്ല.

വിസ്മയയുടെ മരണം: കിരണിനെ അകത്ത് കിടത്തി വിചാരണ നടത്താനൊരുങ്ങി പോലീസ്. 90 ദിവസത്തിനകം കുറ്റപത്രം നൽകും. കുറ്റപത്രത്തിൽ ഗാർഹിക പീഡനം കൂടി ഉൾപ്പെടുത്തി. കിരണിന്റെ ബന്ധുക്കളെ ഉടൻ പ്രതി ചേർക്കില്ല.

 

സ്വന്തം ലേഖകൻ

ശാസ്താംകോട്ട: വിസ്മയയുടെ മരണത്തിൽ ഭർത്താവായ കിരൺകുമാറിനെതിരെയുള്ള കുരുക്കുകൾ കൂടുതൽ ശക്തമാക്കി പോലീസ്. സ്ത്രീധന പീഡന മരണം മാത്രം ചുമത്തി കുറ്റപത്രം നൽകാനാണ് പോലീസ് ആദ്യം തീരുമാനിച്ചിരുന്നു എങ്കിലും ഗാർഹിക പീഡനം കൂടി ഉൾപ്പെടുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. കിരണിൽ നിന്നു വിസ്മയ നിരന്തരം പീഡനം നേരിട്ടിരുന്നുവെന്നു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ പരമാവധി ശേഖരിച്ചിട്ടുണ്ട്.

കിരണിനെതിരായ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം മാതാപിതാക്കൾ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്കെതിരെ ലഭിച്ച മൊഴികളിൽ വിശദമായ അന്വേഷണം നടത്തും. തെളിവുകൾ ശേഖരിച്ച്‌ ഇവരെക്കൂടി പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിലെ ധാരണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരണിന്റെ മാതാപിതാക്കൾ വിസ്മയയുടെ മരണശേഷം ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിൽ, തരാമെന്നു പറഞ്ഞത്ര സ്വർണം നൽകിയില്ല, അവൻ ആഗ്രഹിച്ച കാർ അല്ല കിട്ടിയത്, വസ്തു തരാമെന്നു പറഞ്ഞെങ്കിലും എഴുതിവച്ചില്ല തുടങ്ങി സ്ത്രീധന പീഡനത്തെ സാധൂകരിക്കുന്ന ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാം ഡിജിറ്റൽ തെളിവുകളായി അന്വേഷണസംഘം ശേഖരിക്കുകയാണ്.

വിസ്മയയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

അതിനിടെ സ്ത്രീധന പീഡനത്തിന് ഇരയായി വിസ്മയ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കാൻ ഭർത്താവും പ്രതിയുമായ കൊല്ലം സ്വദേശി എസ്. കിരൺകുമാർ നൽകിയ ഹർജി തിരുത്തൽ വരുത്തി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ജൂലൈ 26നു കേസ് വീണ്ടും പരിഗണിക്കും.

നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്കു വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.