വിഷു ദിനത്തിൽ ചങ്ങനാശേരി നഗരസഭ അദ്ധ്യക്ഷന്റെ കാർ അപകടത്തിൽപ്പെട്ടു: അപകടത്തിൽപ്പെട്ടത് കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം നൽകിയ ശേഷം മടങ്ങിയ കാർ; അപകടത്തിൽ ഒരാൾക്കു പരിക്കേറ്റു
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: നഗരസഭ അദ്ധ്യക്ഷന്റെ കാർ ബൈപ്പാസ് ജംഗ്ഷനിൽ വച്ച് അപകടത്തിൽപ്പെട്ടു. പാലുമായി പോയ എയിസിലാണ് നഗരസഭ അദ്ധ്യക്ഷന്റെ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ എയിസിലുണ്ടായിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു.
വിഷുദിനത്തിൽ വൈകിട്ട് ചങ്ങനാശേരി ബൈപ്പാസിൽ എസ്.എൻ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ചങ്ങനാശേരി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണ വിതരണത്തിനു ശേഷം മറ്റൊരാളെ കൊണ്ടു വിടുന്നതിനായി പോകുകയായിരുന്നു നഗരസഭ അദ്ധ്യക്ഷൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്താണ് ചങ്ങനാശേരി എസ്.എൻ ജംഗ്ഷനിൽ വച്ച് ഇദ്ദേഹത്തിന്റെ വാഹനം പാലുമായി എത്തിയ മിനി എയിസ് വാഹനവുമായി കൂട്ടിയിടിച്ചത്. ദിശ തെറ്റിച്ച് എത്തിയ കാർ നിയന്ത്രണം വിട്ട് മിനി എയിസ് വാനുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി വാൻ നിയന്ത്രണം വിട്ടു റോഡിലേയ്ക്കു തെന്നി മാറി.
നഗരസഭയുടെ വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ മിനി എയിസ് വാനിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയ്ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.