play-sharp-fill
വിഷ്ണു മോഹന്‍ ബ്രില്യന്‍സ് വീണ്ടും:- ലൈംഗിക ചുവയോടെയുള്ള വാക്കുകളോ കാമമോ, ചുംബനങ്ങളോ അളവില്‍ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ പ്രണയകഥ; ഓള്‍റൗണ്ട് മികവില്‍ ‘കഥ ഇന്നു വരെ’.

വിഷ്ണു മോഹന്‍ ബ്രില്യന്‍സ് വീണ്ടും:- ലൈംഗിക ചുവയോടെയുള്ള വാക്കുകളോ കാമമോ, ചുംബനങ്ങളോ അളവില്‍ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ പ്രണയകഥ; ഓള്‍റൗണ്ട് മികവില്‍ ‘കഥ ഇന്നു വരെ’.

പ്ര ണയം ഏതൊക്കെ തരത്തിലുള്ളതാകാം എന്ന് പലരും പലയിടത്തും പല സിനിമകളും പറഞ്ഞു വച്ചിട്ടുണ്ട് എങ്കിലും ഈ തരത്തിലുള്ള ഒരു പ്രണയ കഥ ആദ്യമായിട്ടാണ് മലയാള സിനിമയില്‍ വരുന്നത്.ലൈംഗികചുവയോടെയുള്ള വാക്കുകളോ, കാമമോ, ചുംബനങ്ങളോ, എന്തിന് ഒരു അളവില്‍ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ എത്ര നന്നായി പ്രണയിക്കാന്‍ ആകുമെന്ന് കാണിച്ചു തരുന്ന ഒരു നല്ല കുടുംബചിത്രമാണ് ‘കഥ ഇന്നുവരെ’.

നമ്മള്‍ സ്‌നേഹിക്കുന്ന വ്യക്തിയുടെ മതമോ, രാഷ്ട്രീയമോ, കുടുംബമോ, വ്യക്തിയുടെ ഇന്നുവരെയുള്ള ജീവിത പശ്ചാത്തലമോ പ്രേമിക്കാന്‍ ഒരു തടസ്സമല്ല എന്ന് പറഞ്ഞു വയ്ക്കുന്ന സിനിമയുടെ ക്ലൈമാക്‌സ് ഒരിക്കലും നമ്മള്‍ expect ചെയ്യില്ല. കഥ തുടങ്ങുന്നത് തിരുവനന്തപുരത്ത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ പ്യൂണും, നിരീശ്വരവാദിയുമായ രാമചന്ദ്രനിലൂടെയാണ്. അവിടേക്ക് പാലക്കാട് നിന്നുളള ഒരു ഗസറ്റഡ് ഓഫീസര്‍ മാഡം വരുന്നു. പാലക്കാടിനെ പറ്റി പറയുന്ന സമയത്ത് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ക്യാമറയില്‍ അവിടെയുള്ള സ്‌കൂളിലെ ഗണപതി ഭക്തനായ രാമുവിന്റെയും, ജാനാകിയുടെയും പ്രണയകഥയ്ക്ക് തിരി കൊളുത്തി വക്കുന്നു.

അതിനിടയില്‍ RDP എന്ന പാര്‍ട്ടിയുടെ ഓഫീസ് വഴി ആലപ്പുഴയിലെ യുവ രാഷ്ട്രീയക്കാരനായ ജോസഫിന് ഒരു ബ്രാഹ്‌മണ കുടുംബത്തിലെ കുട്ടിയോടുള്ള പ്രണയം കാണിച്ചു തരുന്നു. അപ്പോഴേക്കും ദേ ഇടുക്കി വണ്ടിപ്പെരിയാറിലെ മദ്യശാലയിലെ ജീവനക്കാരനായ ചെറുപ്പക്കാരന് ഒരു മുസ്ലീം യുവതിയോട് തോന്നുന്ന പ്രണയത്തെ കുറിച്ച്‌ പറഞ്ഞു വരുന്നു. എല്ലാ കഥകളും ഒരുമിച്ച്‌ കൊണ്ട് പോയ കഥയുടെ രചയിതാവും ഡയറക്ടറുമായ വിഷ്ണു മോഹന്റെ ആ ബ്രില്യന്‍സ് എടുത്തു പറയാതിരിക്കാന്‍ ആവില്ല. വിഷ്ണു മോഹന്‍ സ്റ്റോറീസ് എന്ന സീരീസില്‍ നിന്ന് വന്ന നല്ലൊരു കഥയാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ അഭിനേതാക്കളും അവരുടേതായ രീതിയില്‍ കഥാപാത്രങ്ങളെ നമ്മുടെ മനസ്സിലേക്ക് കയറ്റുന്നുണ്ട്. ബിജു മേനോന്‍ ചേട്ടാ, നിങ്ങള്‍ എന്തൊരു മനുഷ്യനാണ് ഹേയ്? മേതില്‍ ദേവിക എന്ന പ്രണയിനിയുടെ കയ്യില്‍ ഒന്ന് തൊടുക പോലും ചെയ്യാതെ അവസാനത്തോട് അടുക്കുമ്ബോള്‍ അവരോട് പെര്‍മിഷന്‍ ചോദിച്ചിട്ട് ആ കയ്യില്‍ പിടിക്കുന്ന ഒരു മനുഷ്യന്റെ പ്രേമം എത്ര പവിത്രമാണെന്ന് പറയാന്‍ സാധിക്കുന്നില്ല. കുട്ടി കാമുകിയായ ജാനകി എന്ന കഥാപാത്രത്തിന് ജീവന്‍ കൊടുത്ത ദേവികയും, രാമുവായി അഭിനയിച്ച ശ്രീരാഗും ഇങ്ങനെ തകര്‍ക്കുമ്ബോള്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന മേതില്‍ ദേവിക അതിലും തകര്‍ത്ത് അഭിനയിക്കുന്നു.

അനുശ്രീയുടെ കരിയറില്‍ ഇങ്ങനെയൊരു കഥാപാത്രത്തിനെ അനുശ്രീ ചെയ്തിട്ടുണ്ടോ എന്നു സംശയമാണ്. എന്തൊരു തന്മയത്വത്തോടെയാണ് ആരും ഒരിക്കലും ഇഷ്ടപ്പെടാത്ത ആ ജോലി പോലും താങ്കള്‍ ചെയ്യുന്നതും, അത് ചെയ്തു കൊണ്ട് മുന്നോട്ടു പോകുമെന്ന് സ്വന്തം കാമുകനോട് പറയുന്നതും. പ്രണയം കണ്ണുകളിലാണ് എന്നും, അത് ശരീരത്തിന് അതീതമാണ് എന്നും കാണിച്ചു തന്ന ഹക്കീമേ, നീ എന്തൊരു മനസ്സാണ് ഈ സമൂഹത്തിന് മുന്നില്‍ തുറന്നുവച്ചത്?

എന്റെ അനുമോഹന്‍ ബ്രോ, നിങ്ങള്‍ക്ക് ഈ ഗുണ്ട ലുക്ക് ഒക്കെ ഇണങ്ങുമെന്ന് ഒരിക്കലും കരുതിയില്ല. മാസ്സ് entry ആയിരുന്നു. നിഖില വിമല്‍ സ്വന്തം ജീവിതത്തിലെ പോലെ തന്നെ കട്ട ബോള്‍ഡ് ആയ കഥാപാത്രം. നിഖിലയ്ക്ക് അഭിനയിക്കേണ്ടി വന്നില്ല കാരണം നിഖില ജീവിക്കുകയായിരുന്നു.

എല്ലാ സിനിമകളിലെയും പോലെ സിദ്ധിഖ്, രഞ്ജി പണിക്കര്‍ എന്നിവര്‍ തകര്‍ത്തു. ബിജുമേനോന്റെ സുഹൃത്തുക്കളായി അഭിനയിച്ച കോട്ടയം രമേഷ്, കൃഷ്ണപ്രസാദ്, ഹരി പത്തനാപുരം എന്നിവരൊക്കെ ചെറിയ റോള്‍ ആണെങ്കില്‍ പോലും കഴമ്ബുള്ള കഥാപാത്രങ്ങളെ മനസ്സിലേക്ക് ഇറക്കി തന്നു. ലൊക്കേഷനുകളുടെ ഭംഗിയും, ക്യാമറ കൈകാര്യം ചെയ്ത കാര്യത്തിലും കഥ ഇന്നുവരെ മികച്ച നിലവാരം പുലര്‍ത്തുന്നു. തിരുവനന്തപുരം പത്മനാഭസ്വാമിയുടെ കിഴക്കേനടയുടെ ഭംഗിയും, പാലക്കാടിന്റെ തനതായ നാടന്‍ പച്ചപ്പും, ആലപ്പുഴയിലെ കായലില്‍ ബോട്ടില്‍ പോകുന്ന കാറിലേക്ക് പോകുന്ന ആ ക്യാമറകണ്ണുകളും, ഇടുക്കിയുടെ തണുപ്പും ഒപ്പിയെടുത്ത ആ കഴിവ് അപാരം.

അവസാന ഭാഗത്ത് ചെറിയൊരു കണ്ഫ്യൂഷന്‍ വന്നത് മേതില്‍ ദേവികയുടെ കഥാപാത്രത്തിന്റെ അനിയനും മോളും തിരുവനന്തപുരത്ത് എങ്ങനെ എത്തിച്ചേര്‍ന്നു എന്നതിലാണ് എന്നതൊഴിച്ചു നിര്‍ത്തിയാല്‍ വിഷ്ണു മോഹന്‍ സ്റ്റോറീസ് ജനഹൃദയങ്ങളിലേക്ക് ഓരോ പ്രായത്തിലുമുള്ള പ്രണയങ്ങളെ തനതായ സൗന്ദര്യത്തില്‍ ഉള്ളിലേക്ക് ഇറക്കി എന്ന് വേണം പറയാന്‍. മേപ്പടിയാന്റെ സംവിധായകനില്‍നിന്ന് ആദ്യ സിനിമയില്‍ നിന്നും വലുത് പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് തെറ്റ് പറ്റില്ലെന്ന് ഉറപ്പ്.