യുകെയിൽ വിസയും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Spread the love

മൂവാറ്റുപുഴ: യുകെയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നിര്‍മാതാവ് ജോബി ജോർജിന് നാല് വര്‍ഷം തടവും 66.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി. രണ്ട് കേസുകളിലായി രണ്ട് വര്‍ഷം വീതമാണ് കോടതി ശിക്ഷ വിധിച്ചത്. പിഎംഎല്‍എ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. കേസില്‍ ജോബിയുടെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.

video
play-sharp-fill

മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവിന്റെ പരാതിയിലാണ് പ്രധാന കേസ് രജിസ്റ്റര്‍ ചെയ്തത്. 2011-ല്‍ യുകെയിലേക്ക് വിസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് ഘട്ടങ്ങളിലായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയെന്നാണ് പരാതി. പിന്നീട് വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012-ല്‍ 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അത് മടങ്ങി. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് വിചാരണ നടന്നത്. ഈ കേസില്‍ 50 ലക്ഷം രൂപ പിഴയായി ഈടാക്കി പരാതിക്കാരന് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

മറ്റൊരു കേസില്‍ മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസിനെയും ഭാര്യ ഡാര്‍ലി ബിജുവിനെയും യുകെയില്‍ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി ലക്ഷങ്ങള്‍ തട്ടിയതായാണ് കണ്ടെത്തിയത്. ലണ്ടനിലെ ന്യൂകാസിലിലുള്ള ‘ഓഫ്-ലൈസൻസ്’ ഷോപ്പില്‍ പങ്കാളിത്തം നല്‍കാമെന്നും ഡാര്‍ലിക്ക് ലണ്ടനിലെ എല്‍ബിഎ കോളേജില്‍ ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഡിപ്ലോമയ്ക്ക് അഡ്മിഷന്‍ ഒരുക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പരാതിക്കാരെ തുടക്കം മുതല്‍ തന്നെ വഞ്ചിക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നാണ് കോടതി നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group