കൊറോണ വൈറസ് : 403 ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ്: തൃശൂർ പൂരം , ആറാട്ടുപുഴ പൂരം തീരുമാനം പിന്നീട്
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡും. സർക്കാരിന്റെ ജാഗ്രതാനിർദേശം അനുസരിച്ച് ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. ആചാരപരമായ ചടങ്ങുകൾ മുറ തെറ്റിക്കാതെ നടത്തും.
അടിയന്തര യോഗം ചേർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ 403 ക്ഷേത്രങ്ങളാണുളളത്. ഇതിൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇപ്പോൾ ഉത്സവകാലമാണ്. ഉത്സവത്തിന് പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടുമെന്ന് കണ്ടാണ് ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 31 വരെ നടക്കുന്ന ഉത്സവങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂർ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം ക്ഷേത്ര ഉത്സവത്തിന് ഗുരുവായൂർ ദേവസ്വം ബോർഡും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കാൻ തീരുമാനമായി.
ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. നേരത്തെ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തജനങ്ങൾ എത്തരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള മറ്റു ക്ഷേത്രങ്ങളിലും ആഘോഷപരിപാടികൾ നിർത്തിവെയ്ക്കും. ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടക്കുകയെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.